മുംബൈ: ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിംഗ് നടത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് രക്ഷപ്പെടുത്തി.
ഫേസ്ബുക്കിന്റെ അയർലൻഡ് ഓഫീസിൽനിന്നു വിവരമറിയിച്ചതിനെ തുടർന്നായിരുന്നു രക്ഷപ്പെടുത്തൽ.
മഹാരാഷ്ട്രയിലെ ധുലെയിലാണു സംഭവം. 23 വയസുള്ള യുവാവാണു ജീവനൊടുക്കാൻ ശ്രമിച്ചത്. ബ്ലെയ്ഡുപയോഗിച്ച് കഴുത്തുമുറിച്ചു മരിക്കാനായിരുന്നു ധ്യാനേശ്വർ പാട്ടീൽ എന്ന യുവാവിന്റെ ശ്രമം.
ഞായറാഴ്ച വൈകിട്ട് എട്ടേകാലോടെ ഇക്കാര്യം ശ്രദ്ധയിപ്പെട്ട അയർലൻഡിലെ ഫേസ്ബുക്ക് ഓഫീസ് സൈബർ പോലീസ് ഡിസിപി രശ്മി കരണ്ദികറിനു വിവരം നൽകി.
ഇതിന്റെ സ്ക്രീൻ ഷോട്ടുകളും ഫേസ്ബുക്ക് അധികൃതർ കൈമാറി.
15 മിനിറ്റിനുള്ളിൽ സൈബർ പോലീസ് ടെക്നിക്കൽ ഓഫീസർ രവികിരണ്‍ നളെ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ച സ്ഥലത്തിന്റെ ലൊക്കേഷൻ കണ്ടെത്തി.
നാസിക് എസ്പി ചിൻമയ് പണ്ഡിറ്റിന് ഉടൻതന്നെ ഇതു സംബന്ധിച്ച വിവരവും കൈമാറി.
ഒന്‍പതോടെ ദേവ്പുർ പോലീസ് യുവാവിന്റെ വീട്ടിലെത്തി. അപ്പോഴേക്കും യുവാവ് കഴുത്തുമുറിച്ചു ബോധമറ്റ നിലയിലായിരുന്നു. ഉടൻ തന്നെ പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചു.
മുറിവ് ആഴമുള്ളതായിരുന്നില്ലെന്നും യുവാവ് അപകടനില തരണം ചെയ്തെന്നും പോലീസ് അറിയിച്ചു.