കൃഷിയിടത്തിൽ നിന്ന് നായകളുടെ പതിവില്ലാത്ത കുര കേട്ടാണ് താനി സാഥി അവിടെ എത്തിയത്. ഒരു മരത്തിന്റെ മുകളിലേക്ക് നോക്കിയായിരുന്നു നായകളുടെ കുര.
മരത്തിന്റെ മുകളിലേക്ക് നോക്കിയപ്പോൾ താനി അക്ഷരാർഥത്തിൽ ഞെട്ടി. മരത്തിന്റെ മുകളിൽ ഒരു വലിയ രാജവെന്പാല! തായ്ലൻഡിലെ ചന്ദാബുരി പ്രവിശ്യയിലുള്ള ഒരു കൃഷിയിടത്തിലാണ് സംഭവം.
കൃഷിയിടത്തിലെത്തിയ രാജവെമ്പാലയെ നായ്ക്കൾ ഒാടിക്കുകയായിരുന്നു. അവിടെയുള്ള ഒൻപത് കാവൽ നായ്ക്കൾ ചേർന്നാണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.
നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ സാധാരണ ചെയ്യുന്നപോലെ പാന്പും ആ വഴി തന്നെ തെരഞ്ഞെടുത്തു. നായ്ക്കളുടെ പിടിയിൽ നിന്ന് രക്ഷപെടാൻ മരത്തിനു മുകളിലാണ് രാജവെമ്പാല അഭയം തേടിയത്.
13 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയാണ് നായ്ക്കളെ പേടിച്ച് മരത്തിനു മുകളിൽ പതുങ്ങിയിരുന്നത്. നായ്ക്കളെ അവിടെ നിന്നു അകറ്റിയ ശേഷം ഉടനെ താനി പാമ്പുപിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു.
പാമ്പുപിടുത്ത വിദഗ്ധരെത്തി ഹുക്കുപയോഗിച്ച് പാമ്പിനെ താഴേക്ക് വലിച്ച ശേഷം പിടികൂടുകയായിരുന്നു.
പതിയെ അതിനെ മെരുക്കി തലയിൽ പിടികൂടി ബാസ്ക്കറ്റിനുള്ളിലാക്കി. നായ്ക്കളുടെ ആക്രമണത്തിൽ പാമ്പിന്റെ ശരീരത്തിലാകമാനം പരുക്കേറ്റിരുന്നു.
പാമ്പിനെ വിശദമായ പരിശോധനയ്ക്കും പരിചരണത്തിനുമായി സമീപത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. മുറിവുണങ്ങിയ ശേഷം പാന്പിനെ കാട്ടിൽ തുറന്നുവിടാനാണു തീരുമാനം.