ആണ് സുഹൃത്തുമായി അവധി ആഘോഷിക്കാനെത്തിയതായിരുന്നു പ്രശസ്ത മോഡലായ സാറ ഹോളണ്ട്. പക്ഷേ, ഇപ്പോൾ ജയിൽ ശിക്ഷയുടെ വക്കിലാണ്.
ലവ് ഐലൻഡ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സാറ ഹോളണ്ടും സുഹൃത്ത് എലിയട്ട് ലവിനുമാണ് ഈ ഗതികേട്. കരീബിയൻ ദ്വീപിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇരുവരും.
ദ്വീപിലെത്തിയപ്പോൾ പരിശോധനയിൽ കാമുകനു കോവിഡ് പോസിറ്റീവ്. ഇതു കാര്യമാക്കാതെ ഇരുവരും ഇംഗ്ലണ്ടിലേക്കു പോകാനായി വിമാനത്താവളത്തിലെത്തിയതാണ് വിനയായത്.
ഒരു രാത്രിക്ക് 29,000 രൂപ ചെലവിടേണ്ടി വരുന്ന ബീച്ച് ഫ്രണ്ട് റിസോർട്ടിൽ ഒരു ദിവസം താമസിച്ച ശേഷമാണ് ഇരുവരും തിരികെ പോകാനെത്തിയത്. എന്നാൽ, അവിടെ വച്ചു പിടിവീണു.
തടവും പിഴയും
ഒരു വർഷം തടവും ഏകദേശം പതിനേഴു ലക്ഷത്തോളം രൂപ പിഴയുമാണ് കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് ഇരുവർക്കുമുള്ള ശിക്ഷ. ബുധനാഴ്ച ബാർബഡോസ് കോടതിയിൽ ഇവർ ഹാജരാകണം.
കരീബിയൻ ദ്വീപിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 200 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡിനെതിരേ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയിരി ക്കുകയാണ് ദ്വീപ്. സമാനമായ നിയമ ലംഘനത്തിന് ഒരു ടൂറിസ്റ്റിനെ ഒരാഴ്ച മുന്പാണ് ആറു മാസത്തേക്കു ജയിലിലടച്ചത്.
കൊലക്കുറ്റം
ദ്വീപ് നിവാസികളടക്കം എണ്ണൂറിലധികം പേർ സാറയെയും കാമുകനെയും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ടു സെൽഫിഷ് എന്ന ലേബലിൽ നിവേദനം തയാറാക്കിയിരിക്കുകയാണ്.
ഇവരുടെ സ്വാർഥതയോടെയുള്ള പെരുമാറ്റം മൂലം ആരെങ്കിലും മരിച്ചാൽ ഇവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈസ്റ്റ് യോർക്ക് ഷെയറിലെ നോർത്ത് ഫെറിബിയിൽ നിന്നുമുള്ള സാറ നിരവധി വർഷങ്ങളായി കരീബിയൻ ദ്വീപ് സന്ദർശിക്കാറുണ്ട്.
മുൻ മിസ് ഗ്രേറ്റ് ബ്രിട്ടണ് കൂടിയാണ് ഇരുപത്തിയഞ്ചുകാരിയായ സാറ. ഒരു ജനതയെയും അപകടപ്പെടുത്താൻ ഒന്നും ചെയ്തിട്ടില്ല.
എല്ലാവരോടും സ്നേഹവും ബഹുമാനവുമല്ലാതെ മറ്റൊന്നുമില്ല.പുതിയ സന്ദർശനത്തിനിടെയുണ്ടായ തെറ്റിദ്ധാരണയ്ക്ക് എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രാദേശിക അധികാരികളുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നും ദ്വീപ് ദിനപത്രമായ ബാർബഡോസ് ടുഡേയോടു സാറ പറഞ്ഞു.