സ്വന്തം ലേഖകൻ
തൃശൂർ: ബൈക്കു യാത്രക്കാർക്ക് ഭീഷണിയുയർത്തി തെരുവുനായ്ക്കൾ കുറുകെ ചാടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കോലഴി സ്വദേശി ചെറിയേലിൽ പരേതനായ അയ്യപ്പൻ മകൻ പ്രദീപ്(43) മരിച്ചത് നായ ബൈക്കിനു കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിലാണ്.
ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ നായ്ക്കൾ ഇരുചക്രവാഹനത്തിനു കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങൾ അടുത്തിടെയായി വർധിച്ചിട്ടുണ്ട്.
നിരവധി ബൈക്ക് യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തു.
തെരുവുനായ്ക്കളുടെ ആക്രമണത്തിന് പുറമെയാണ് ബൈക്കിനു കുറുകെ ചാടിയുണ്ടാകുന്ന ഇതുപോലുള്ള അപകടങ്ങൾ.
ഹെൽമറ്റെല്ലാം ധരിച്ചിട്ടുണ്ടെങ്കിലും തീർത്തും അപ്രതീക്ഷിതമായി നായ്ക്കൾ കുറുകെ ചാടുന്പോഴുണ്ടാകുന്ന അപകടത്തിൽ പലരുടേയും കൈകാലുകൾക്കും ഇടുപ്പെല്ലിനും ചിലർക്ക് തലയ്ക്കു തന്നെയും പരിക്കുകൾ പറ്റുന്നുണ്ട്.
തെരുവുനായ്ക്കൾ കുറുകെ ചാടുന്പോൾ അപകടമൊഴിവാക്കാൻ മാർഗങ്ങളൊന്നുമില്ലെന്നതാണ് മറ്റൊരു കാര്യം. വേഗത കുറവാണെങ്കിലും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.
നായ്ക്കളെ ഇടിച്ചയുടൻ ഇരുചക്രവാഹനങ്ങളിൽ നിന്നും യാത്രികർ തെറിച്ചുവീഴുകയും കൈ റോഡിൽ കുത്തി വീഴുന്നതിനാൽ കയ്യൊടിയുകയുമാണ് കൂടുതൽ കേസുകളിലും സംഭവിക്കുന്നത്.
റോഡുകളിൽ വാഹനത്തിരക്ക് കൂടുന്നതിനു മുൻപുള്ള സമയങ്ങളിലാണ് നായ കുറുകെ ചാടിയുള്ള കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്. റോഡിൽ വാഹനങ്ങളുടെ തിരക്ക് കൂടിയാൽ റോഡു മുറിഞ്ഞു കടക്കാൻ നായ്ക്കൾ മടിക്കുന്നുണ്ട്.
റോഡരികിൽ ആൾപ്പൊക്കത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകൾക്കും പാഴ്ചെടികൾക്കും പൊന്തക്കാടുകൾക്കുമിടയിൽ മാലിന്യം വലിച്ചെറിയുന്നതിനാൽ ഇതിനിടയിൽ സദാ നായ്ക്കളുണ്ടാകും.
ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ പൊന്തക്കാട്ടിലും പാഴ്ചെടികൾക്കിടയിലും പുൽക്കൂട്ടത്തിനുള്ളിലുമിരിക്കുന്ന നായ്ക്കളെ കാണാൻ സാധിക്കാതെ മുന്നോട്ട് വണ്ടിയെടുക്കുന്പോഴാണ് ഇവ അപ്രതീക്ഷിതമായി ഇതിനകത്തു നിന്നും പുറത്തേക്ക് കുതിച്ചു ചാടുക.
മാലിന്യം റോഡരികിൽ വലിച്ചറിയുന്നത് നിയന്ത്രിക്കുക, റോഡരികിൽ വളർന്നു നിൽക്കുന്ന പുൽക്കാടുകൾ വെട്ടിക്കളയുകതെരുവുനായ്ക്കളെ പിടികൂടുക എന്നീ മാർഗങ്ങൾ മാത്രമേ അപകടങ്ങൾ കുറയ്ക്കാനായിട്ടുള്ളു.
നായ കുറുകെ ചാടി ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
കോലഴി: ബൈക്കിനു കുറുകെ നായ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
മുവ്വാറ്റുപുഴ പോത്താനിക്കാട് വെച്ചുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ കോലഴി സ്വദേശി ചെറിയേലിൽ പരേതനായ അയ്യപ്പൻ മകൻ പ്രദീപ് (43) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് മരിച്ചു. സംസ്കാരം ഇന്നുച്ചയ്ക്ക് വടൂക്കര ശ്മാശനത്തിൽ. ഭാര്യ: രമ്യ.മക്കൾ: ആതിര, അഭിയ, അഭിനവ്യ, പരേതനായ അഭി