തിരുവനന്തപുരം: മദ്യത്തിന്റെ വില വീണ്ടും കൂടിയേക്കും. ലിറ്ററിന് 100 രൂപ മുതല്‍ 150 രൂപ വരെ വര്‍ധിച്ചേക്കുമെന്നാണ് സൂചന. മദ്യത്തിന്റെ അടിസ്ഥാനവില വര്‍ധിപ്പിക്കണമെന്നു ആവശ്യപ്പെട്ട് ബവ്കോ സര്‍ക്കാരിനു ശിപാര്‍ശ നല്കി.
അടിസ്ഥാനവിലയുടെ ഏഴു ശതമാനം വര്‍ധനവ് ആവശ്യപ്പെട്ടാണ് എക്സൈസ് കമ്മിഷണര്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്.
സ്പിരിറ്റ് ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വിലകൂടിയതിനാല്‍ മദ്യത്തിന്റെ വിലവര്ധിപ്പിക്കണമെന്നു മദ്യകമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെയടിസ്ഥാനത്തില്‍ അടിസ്ഥാനവിലയുടെ ഏഴുശതമാനം വര്‍ധനയ്ക്കു സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്യാന്‍ കഴിഞ്ഞദിവസത്തെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടറനുസരിച്ചാണ് ഇപ്പോഴും ബവ്കോയ്ക്ക് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല.
വിതരണക്കാരുടെ തുടര്‍ച്ചയായ നിവേദനങ്ങളുടെ പശ്ചാത്തലത്തില്‍ പോയവര്‍ഷം രണ്ട് തവണ ടെണ്ടര്‍ പുതുക്കാന്‍ നടപടി തുടങ്ങിയെങ്കിലും കോവിഡ് കണക്കിലെടുത്ത് നീട്ടിവയ്ക്കുകയായിരുന്നു.
ആനുപാതികമായി നികുതിയും കൂടുന്നതോടെ ലിറ്ററിന് 100 രൂപ മുതല്‍ 150 രൂപ വരെയുള്ള വര്‍ധനവുണ്ടാകും. നിലവില്‍ അടിസ്ഥാനവിലയ്ക്കു പുറമേ 247 ശതമാനം നികുതികളും കൂട്ടിച്ചേര്‍ത്താണ് മദ്യം വില്‍ക്കുന്നത്.