ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുട്ടിയുടെ മാതാവും പൂജാരിയായ കാമുകനും അറസ്റ്റിൽ.
പതിമൂന്നുകാരിയുടെ മാതാവായ പടിഞ്ഞാറെ കല്ലട സ്വദേശിനി(36),തിരുവല്ല നിരണം നിരണപ്പെട്ടി വീട്ടിൽ അഭിലാഷ്(40) എന്ന വിഷ്ണു നാരായണൻ എന്നിവരാണ് അറസ്റ്റിലായത്.
കുട്ടിയുടെ മാതാവ് ജ്യോതിഷ ആവശ്യങ്ങൾക്കായാണ് അഭിലാഷിനെ ആദ്യം സമീപിക്കുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും അഭിലാഷ് മുൻകൈയെടുത്ത് യുവതിയെയും, കുട്ടിയേയും ശൂരനാട്ടെ വാടക വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു.
വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജകൾ നടത്തിവന്ന അഭിലാഷ് രണ്ടു കുട്ടികളുടെ പിതാവു കൂടിയാണ്. വാടക വീടുകളെടുത്ത് യുവതികളെ പാർപ്പിച്ച് പീഡിപ്പിക്കുന്നതും അനാശാസ്യം നടത്തുന്നതും ഇയാളുടെ പതിവാണ്.
വാടകവീട്ടിൽ കഴിയവേയാണ് കുട്ടിയെ അഭിലാഷ് നിരവധി തവണ പീഡിപ്പിക്കാൻ ശ്രമിച്ചത്. മാതാവ് ഈ വിവരം പുത്തറിയിക്കാതെ ഒളിച്ചു വെക്കുകയായിരുന്നു.
തുടർന്ന് കുട്ടി വിവരം അമ്മൂമ്മയെ അറിയിക്കുകയും അവരെത്തി കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ശൂരനാട് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ ശൂരനാട്ടു നിന്നും യുവതിയെ പിന്നീട് കരുനാഗപ്പള്ളിയിലെ വാടക വീട്ടിലേക്ക് മാറ്റിയിരുന്നു.സംഭവം വിവാദമായതോടെ ഇരുവരും ഇവിടെ നിന്നും മുങ്ങുകയും തിരുവല്ല പുളിക്കീഴ് പോലീസിൽ വ്യാജ പരാതി നൽകിയശേഷം ഒളിവിൽ പോകുകയും ചെയ്തു.
ശൂരനാട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും തിരുവല്ലയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ,ശിശു സംരക്ഷണ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ശൂരനാട് സിഐ ഫിറോസ്, എസ് ഐ പി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.