തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കി തുടങ്ങി. ഇന്നലെ 25000 പക്ഷികളെ കൊന്നു.
രണ്ടുദിവസത്തിനകം ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കുന്നതു പൂർത്തിയാക്കും. ഇന്നലെ പുതുതായി ഒരിടത്തും പക്ഷപ്പനി കണ്ടെത്തിയിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.കെ.എം. ദിലീപ് പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ തകഴി, നെടുമുടി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് എച്ച് 5 എൻ 8 വൈറസാണ്. ഇവ ഇതുവരെ മനുഷ്യരിലേക്ക് പകർന്നിട്ടില്ല.
അതിനാൽ പക്ഷിമാം സം പാചകം ചെയ്ത് ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്ന് മൃഗസംരക്ഷണ ഡയറക്ടർ ഡോ.കെ.എം. ദിലീപ് പറഞ്ഞു. സംശയം തീർക്കാനായി പാചകം ചെയ്യുന്നവർ പാചകം ചെയ്തശേഷം വൃത്തിയായി സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പക്ഷിപ്പനി ബാധിച്ച മേഖലയ്ക്കു ചുറ്റുമുള്ളവരുടെ കോഴികളെയും താറാവുകളെയും കൊന്നൊടുക്കുന്നതിന് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു.
പക്ഷികളെ കൊന്നൊടുക്കുന്നതു സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചശേഷമാകും സഹായം നൽകുക. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അതിർത്തി ചെക്കുപോസ്റ്റുകളിൽ തമിഴ്നാട് സർക്കാർ കർശന ജാഗ്രതാ നിർദേശം നൽകി.
പക്ഷിപ്പനി, ആശങ്കവേണ്ട, രോഗം മനുഷ്യരിലേക്കു പകരില്ല
പാലോട്: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനു കാരണമായ പക്ഷിപ്പനിയെപ്പറ്റി ആശങ്ക വേണ്ടെന്നു മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പാലോട് പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ സിയാഡ് (സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ്) അറിയിച്ചു.
പകര്‍ച്ചപ്പനി വിഭാഗത്തില്‍ പെട്ട എച്ച് 5 എന്‍ 8 വൈറസാണ് നിലവില്‍ പക്ഷികളെ ബാധിച്ചിരിക്കുന്നത്. ഇത് മനുഷ്യരിലേക്കു പകരില്ല.
എച്ച് 5 എന്‍1 ആണ് ഏറെപ്പേടിക്കേണ്ടത്. ഇത് പക്ഷികളില്‍നിന്നും മനുഷ്യരിലേക്കു രോഗം പടര്‍ത്തും. കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു.
പക്ഷികളെ പ്രാഥമിക പരിശോധനകള്‍ക്കായി പാലോട് സിയാഡിലാണ് എത്തിച്ചത്. അവിടെ നടത്തിയ ശാസ്ത്രീയ പരിശോനയിലാണ് പക്ഷികള്‍ക്ക് ബാധിച്ചിരിക്കുന്നത് എച്ച് 5 എന്‍ 8ആണെന്ന് സ്ഥിരീകരിച്ചത്.