കൊച്ചി: സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിൽ പോകാനും തയാറാകണമെന്നു മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനോടു ഹൈക്കോടതി. ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.
നേരത്തെ ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയുമായി കോടതിയുടെ മുന്പാകെ എത്തിയപ്പോൾ ജയിലിൽ പോയശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. ഇക്കാര്യത്തിലാണ് ഇളവുതേടി അദ്ദേഹം കോടതിയെ വീണ്ടും സമീപിച്ചത്.
മുസ്ലിം എജ്യുക്കേഷൻ സൊസൈറ്റി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതിനോടു പ്രതികരിച്ച കോടതി, മത്സരിക്കുന്നത് ജയിലിൽ പോയിട്ടുമാകാമെന്നു നിർദേശിച്ചു.
സംഘടനാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള അപേക്ഷ പിൻവലിക്കണമെന്നും കോടതി നിർദേശിച്ചു.എന്നാൽ, ജയിലിൽ പോയാൽ ജീവനോടെ തിരിച്ചുവരാൻ പറ്റുമെന്നു തോന്നുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.