റെനീഷ് മാത്യു
കണ്ണൂർ: പണം നല്കി പണി തരുന്ന “ആപ്പുകൾ’ വ്യാപകം. റിസർവ് ബാങ്കിന്റെ അംഗീകാരമില്ലാത്ത ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കെതിരേ നിരവധി പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
ഈ ആപ്പുകൾ ഉപയോഗിച്ച് ലോണെടുത്ത് കടക്കെണിയിലായി ജീവനൊടുക്കിയവരും നിരവധി പേർ. ഇത്തരം ആപ്പുകൾക്കെതിരേ അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടു.
വ്യാജ ഇൻസ്റ്റന്റ് ലോൺ ആപ്പുകളാണ് ചെറിയ തുകകൾ ഒരു ഈടും ഇല്ലാതെ പെട്ടെന്ന് നല്കുന്നത്. എന്നാൽ, തുക എടുത്തുകഴിയുന്പോഴാണ് പണി കിട്ടുന്നത്.
ലോൺ ലഭിക്കുന്നത്…
മൊബൈൽ ഫോണിലെ പ്ലേ സ്റ്റോറിൽ നിന്നും വ്യാജ ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. 2500, 5000, 10000 രൂപവരെയാണ് ഈ ആപ്പിലൂടെ ലോൺ നല്കുന്നത്. ആധാർ നന്പരോ, ആധാർകാർഡിന്റെ കോപ്പിയോ, മറ്റ് ഐഡി പ്രൂഫുകളോ കൊടുത്താൽ ലോൺ റെഡി.
രേഖകൾ നല്കി അക്കൗണ്ട് നമ്പരും നല്കിയാൽ മിനിറ്റുകൾക്കുള്ളിൽ പണം ക്രെഡിറ്റാകും. സാധാരണ ബാങ്കിനെക്കാൾ കൂടുതൽ പലിശയാണ് ഈടാക്കുന്നത്.
പ്രോസസിംഗ് ചാർജിന് ലോൺ നല്കുന്ന തുക അനുസരിച്ച് ആയിരവും രണ്ടായിരവും രൂപവരെയാണ് ഈടാക്കുന്നത്. ലോൺ നല്കുന്നതിന് മുൻപ് കൊടുക്കേണ്ട ആളുകളുടെ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി കന്പനി ശേഖരിക്കും.
പെൺകുട്ടികൾക്കാണ് കൂടുതൽ പ്രാധാന്യം നല്കി ലോൺ നല്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.
ഇനിയാണ് പണി…
ലോൺ ലഭിക്കുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ നമ്മുടെ ഫോൺ അവരുടെ നിയന്ത്രണത്തിലാകും. നമ്മുടെ കോൺടാക്ട് ലിസ്റ്റ്, ഗാലറി എല്ലാം അവരുടെ സെർവറിൽ ലഭിക്കും.
ഇതെല്ലാം സമ്മതമാണോയെന്ന് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്പോൾ അവർ ചോദിക്കാറുണ്ട്. ആരും ഇത് കാര്യമാക്കാതെ അങ്ങ് സമ്മതിച്ചു കൊടുക്കും.
ലോൺ തുക തിരിച്ചടയ്ക്കാൻ വൈകിയാൽ ആദ്യം ഫോണിലൂടെ വിളിക്കും. തമിഴ്,മലയാളം, ഹിന്ദി ഭാഷകളിലാണ് വിളിക്കുന്നവർ സംസാരിക്കുന്നത്.
പിന്നെ നമ്മുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് ഇവർ സന്ദേശമയക്കും. നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പേരിൽ ലോണെടുത്തെന്ന് പറഞ്ഞ്, പിന്നെ നമ്മുടെ ഫോണിലെ സ്വകാര്യ ചിത്രങ്ങൾ മെസഞ്ചറിലൂടെ നമ്മൾക്ക് അയച്ചു തരും,
ലോൺ അടച്ചില്ലെങ്കിൽ ഈ ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും, ഈ ലോൺ അടച്ചു തീർക്കാൻ മറ്റൊരു ലോൺ തന്നു നമ്മളെ സഹായിക്കും.
ഇങ്ങനെ ലോണെടുത്ത് ലക്ഷങ്ങൾ കടക്കെണിയിലായവരും ഉണ്ട്. സംസ്ഥാനത്ത് നിരവധി യുവതി-യുവാക്കൾ ലോൺ ആപ്പുകൾക്ക് ഇരകളായതായാണ് വിവരം.