ഐറിസ് ജോണ്‍സ് എന്ന 81 വയസുകാരിയുടെ പ്രണയവും വിവാഹവുമൊക്കെ നാട്ടുകാരെ ഞെട്ടിച്ചതായിരുന്നു. 81 വയസുകാരിക്കു പ്രണയമോ? എന്നാൽ, ഞെട്ടൽ അവിടംകൊണ്ടും അവസാനിച്ചില്ല.
കാമുകന്റെ പ്രായം കേട്ടപ്പോൾ പലരും അന്പരന്നു, വെറും 36. ഇവനു ഭ്രാന്താണോയെന്നു ചോദിച്ചവർ നിരവധി. എന്നാൽ, ഇവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഈ പുതുജോടികൾ പലേടത്തും ചുറ്റിയടിച്ചു, ഹണിമൂൺ ആഘോഷിച്ചു.
ഇതിന്റെയൊക്കെ ചിത്രങ്ങൾ കണ്ടു നാട്ടുകാർ വണ്ടറടിച്ചിരുന്നു. ഇപ്പോൾ മറ്റൊരു വാർത്തകൂടി എത്തിയിരിക്കുന്നു. ഐറിസ് കടുത്ത വിരഹവേദനയിൽ ആണത്രേ.
മുഹമ്മദ് അഹമ്മദ് ഇബ്രാഹിനെ വേർപിരിഞ്ഞു സ്വദേശമായ ഇംഗ്ലണ്ടിലേക്കു പോരേണ്ടി വന്നതാണ് മുത്തശിയെ വിഷമിപ്പിച്ചിരിക്കുന്നത്. ഈജിപ്തിലാണ് കാമുകൻ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്.
വിവാഹത്തിനു ശേഷം ഐറിസ് മുഹമ്മദിനൊപ്പം കെയ്റോയിൽ ഒരാഴ്ച ചെലവഴിച്ചു. പിന്നീട് സ്വദേശത്തേക്കു തിരികെ പോരേണ്ടി വന്നു.
നിറകണ്ണുകളോടെ
ഈജിപ്തിലെ കാലാവസ്ഥ ആരോഗ്യത്തിന് അനുകൂലമല്ലാത്തതാണ് പ്രധാന പ്രശ്നം. കൂടാതെ ഈജിപ്തിലേക്കുള്ള യാത്ര വളരെ ദൂരമേറിയതും ചെലവേറിയതുമാണെന്നും ഇവർ പറയുന്നു.
ഏറ്റവും അധികം സ്നേഹിക്കുന്നയാളിൽനിന്നു പിരിഞ്ഞു നിൽക്കേണ്ടി വരുന്നത് ഏറെ ദുഃഖകരമാണെന്നും സഹിക്കാനാവുന്നില്ലെന്നും ഐറിസ് കണ്ണുനീരോടെ മാധ്യമങ്ങളോടു പറഞ്ഞു.
മുഹമ്മദ് യുകെയിലേക്കു വരാനുള്ള വീസ ശരിയാക്കാനുള്ള ശ്രമത്തിലാണ്. ഡോക്ടറെ കണ്ടു തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ടു ഭർത്താവിന്റെ സാമീപ്യം ആവശ്യമുണ്ടെന്നും തെളിയിക്കുന്ന ഒരു കത്ത് വാങ്ങി അധികാരികൾക്കു നൽകി മുഹമ്മദിനെ എത്രയും വേഗം ബ്രിട്ടനിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഐറിസ്.
എന്നാൽ, മക്കൾക്കു പലർക്കും ഇനിയും മുത്തശിയുടെ പുതിയ പ്രണയബന്ധം രസിച്ചിട്ടില്ല. 36കാരന് പപ്പയെന്നു വിളിക്കാൻ തനിക്കു കഴിയില്ലെന്നു മുത്തശിയുടെ അന്‍പതുകാരനായ മകൻ ഇതിനകം തുറന്നടിച്ചു.
വെസ്റ്റേണ്‍ സൂപ്പർമെയറിലെ വീട്ടിൽ മടങ്ങിയെത്തിയ ഐറിസ് ഈ ബംഗ്ലാവ് വിറ്റ് ബ്രിസ്റ്റോളിലോ ബർഹിംഗാമിലോ പുതിയ വീട് വാങ്ങി മുഹമ്മദിനൊപ്പം താമസിക്കാനാണ് പദ്ധതിയെന്നും അറിയിച്ചിരുന്നു.
മുഹമ്മദ് ഐറിസിനോടൊപ്പം കൂടുതൽ സമയം കെയ്റോയിൽ ചെലവഴിക്കാനായി വെൽഡിംഗ് ഇൻസ്ട്രക്ടറുടെ ജോലി ഉപേക്ഷിച്ചിരുന്നു. ഐറിസിന്റെ കണ്ണുകളിലേക്കു നോക്കിയതോടെ ഇതു സത്യസന്ധമായ സ്നേഹമാണെന്നു ഞാൻ മനസിലാക്കിയെന്നും ഇയാൾ പറയുന്നു.