ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാം കാർഷിക മേഖലയിലും തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള ദൗത്യത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വനം വകുപ്പ് വാച്ചറായ ആദിവാസി യുവാവിന്റെ കാഴ്ച്ച ശക്തി നഷ്ടമായി.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ഒൻപതാം ബ്ലോക്കിൽ ഇരുന്നൂറ്റി അറുപത്തി ഒന്നാം നമ്പർ പ്ലോട്ടിലെ താമസക്കാരനും ആറളം വനമേഖലയിൽ വനംവകുപ്പിലെ താത്കാലിക വാച്ചറുമായ സി.ദിനേശൻ (39) ന്റെ കാഴ്ചശക്തിയാണ് നഷ്ടമായത്.
കഴിഞ്ഞ 23നായിരുന്നു അപകടം. ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘത്തിലെ അംഗമായിരുന്നു താത്കാലിക ജീവനക്കാരനായ ദിനേശൻ.
വനംവകുപ്പിലെ ആർആർടിയുൾപ്പെടെ വിവിധ വിഭാഗങ്ങളും ഫാമിലെ തൊഴിലാളികളും പ്രത്യേക പരിശീലനം നേടിയ ആദിവാസി യുവാക്കളുമായിരുന്നു ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്.
ആറളം ഫാമിൽ ഒൻപതാം ബ്ലോക്കിൽ ജനവാസ മേഖലയിൽ തമ്പടിച്ച ആനക്കുട്ടികൾ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് ദിനേശന് അപകടം സംഭവിച്ചത്.
കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ദിനേശന്റെ കൈയിലുണ്ടായിരുന്ന ഉച്ചത്തിൽ ശബ്ദമുണ്ടാക്കി തുരുത്തുന്നതിനുള്ള പ്രത്യേകതരം ഉപകരണം ദിനേശന്റെ മുഖത്തേക്ക് തെറിക്കുകയായിരുന്നു.
ഇതിന്റെ അവശിഷ്ടം ഇടതുകണ്ണിലേക്ക് തെറിച്ച് കാഴ്ച്ചശക്തി പൂർണമായും നശിക്കുകയായിരുന്നു. ഉടൻ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാഴ്ചശക്തി വീണ്ടെടുക്കാൻ സാധിച്ചില്ല.
ആറളം ഫാം ഏഴാം വാർഡിൽ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അട്ടിമറിവിജയം നേടിയ മിനിയുടെ ഭർത്താവാണ് അപകടത്തിൽപ്പെട്ട ദിനേശൻ.
കഴിഞ്ഞ 11 വർഷമായി വനം വകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി ചെയ്യുന്ന ദിനേശന് സാമ്പത്തിക സഹായവും കാഴ്ച്ച ശക്തി തിരികെ ലഭിക്കാനാവശ്യമായ വിദഗ്ധ ചികിത്സയും ലഭ്യമാക്കുമെന്ന് വനം വകുപ്പ് അധികൃതർ ഉറപ്പു നൽകിയതായി ആറളം വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്ന കരിം പറഞ്ഞു.