കുറവിലങ്ങാട്: വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ എത്തിയ ഫോണ്‍ വിളിയുടെ ആഘാതത്തില്‍നിന്ന് കുര്യനാട് പൂവത്തിനാല്‍ വീട് ഇനിയും മോചിതമായിട്ടില്ല.
രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂവത്തിനാല്‍ വീടിന്റെ പടിയിറങ്ങി ഉപരിപഠനത്തിനായി തിരിച്ച മകന് ഡെന്നീസ് ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് വിശ്വസിക്കാന്‍ അവര്‍ നന്നേ വിഷമിക്കുകയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ ഫോണ്‍ കോള്‍ സ്വീകരിച്ചത് ഡെന്നീസിന്റെ പിതാവ് ബേബിയായിരുന്നു. അങ്ങേത്തലയ്ക്കല്‍ സംസാരിച്ചത് ലണ്ടന്‍ പോലീസും.
അപകടസ്ഥലത്തുനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫോണില്‍ വിവരം നല്‍കുകയായിരുന്നുവെന്നാണ് കണക്കാക്കുന്നത്.
പിതാവ് ബേബിയെ വിളിച്ചതിനൊപ്പം ഡെന്നീസിന്റെ പിതൃസഹോദരന് ബംഗളൂരുവിലുള്ള ഫാ. ഇമ്മാനുവലിനെയും ഫോണില്‍ വിളിച്ച് അപകടവിവരം ബോധ്യപ്പെടുത്തിയതായി ബേബി പറയുന്നു.
മകന്റെ വേര്‍പാട് മാതാവ് മിനിമോള്‍ അറിയുന്നത് ദുബായിലെ നഴ്സിംഗ് ജോലിയുടെ തിരക്കിനിടെയാണ്. മകന്റെ മരണവിവരമറിഞ്ഞ് മിനിമോള്‍ നാട്ടിലേക്ക് തിരിച്ചു. ഇന്നു രാവിലെ നാട്ടില്‍ എത്തിച്ചേരും.
പ്ലസ് ടു പഠനത്തിനുശേഷമാണ് ഉപരിപഠനത്തിനായി ഡെന്നീസ് ലണ്ടനിലേക്ക് തിരിച്ചത്. രണ്ടുവര്‍ഷത്തെ പഠനത്തിനിടയില്‍ പാര്‍ട്ട്ടൈമായി വിവിധ സ്ഥലങ്ങളില്‍ ജോലിയും ചെയ്തിരുന്നു.
എട്ട് സെമസ്റ്ററുകളിലായുള്ള കോഴ്സില്‍ അവസാന സെമസ്റ്ററില്‍ എത്തിയിരുന്നു. ഡിസംബറിലെ ക്രിസ്മസ് അവധിക്കു നാട്ടിലെത്താന്‍ അവസരം ലഭിച്ചെങ്കിലും കോവിഡ് ഭീതിയില്‍ മടങ്ങിപ്പോക്കില്‍ തടസമുണ്ടാകുമോ എന്നതിനാല്‍ യാത്ര ഉപേക്ഷിക്കുകയായിരുന്നു.
മിക്കവാറും ദിവസങ്ങളില്‍ വീട്ടിലേക്കും വീട്ടില്‍നിന്നുമുള്ള ഫോണ്‍വിളി പതിവായിരുന്നു. ഇതെല്ലാം ഇനി ഓര്‍മകള്‍ മാത്രമാണെന്നു ചിന്തിക്കാന്‍ കഴിയാത്ത വേദനയിലാണ് പിതാവ് ബേബിയും ഏകസഹോദരി ഡോണയും.
പൂനെയില്‍ സ്വകാര്യസ്ഥാപനത്തില്‍ എൻജിനിയറായ ഡോണ ഇപ്പോള്‍ കോവിഡ് പശ്ചാത്തലത്തില്‍ വീട്ടിലിരുന്നാണ് സേവനം നല്‍കുന്നത്. ഡെന്നിസിന്റെ മരണവിവരമറിഞ്ഞ് പൂവത്തിനാല്‍ വീട്ടിലെത്തുന്നവരും ആശ്വാസവാക്കുകള്‍ പറയാന്‍ വിഷമിക്കുകയാണ്.