ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം.
കേരളത്തെ കൂടാതെ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചത്.
കൊറോണ വൈറസിന്റെ വകഭേദം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യസെക്രട്ടറി നാല് സംസ്ഥാനങ്ങൾക്കും നിർദേശം നൽകി.
വൈറസിന്റെ വകഭേദം കണ്ടെത്തിയത് പരിഗണിച്ച് പ്രതിരോധം ശക്തമാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്തെ നിലവിലെ കോവിഡ് കേസുകളിൽ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്ന് കത്തിൽ പറയുന്നു.
വകഭേദം വന്ന വൈറസ് കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ പരിശോധന നിരക്ക് കുറയ്ക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് രാജേഷ് ഭൂഷൺ കത്തിൽ മുന്നറിയിപ്പ് നൽകി.
മറ്റ് സംസ്ഥാനങ്ങൾ അവലംബിച്ച പരിശോധന-കണ്ടെത്തൽ-ചികിത്സ എന്ന തന്ത്രം ആക്രമണാത്മകമായി നടപ്പിലാക്കണമെന്നും ആരോഗ്യ സെക്രട്ടറി പറയുന്നു.