കളമശേരി: വിവാദനായകന്‍ സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തതിനെതിരേ കളമശേരി ഏരിയ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ഏതാനും പേര് രാജിക്കൊരുങ്ങുന്നതായും സൂചനയുണ്ട്.
ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. പ്രതിഛായ വീണ്ടെടുത്ത പാര്‍ട്ടിക്ക് സക്കീര്‍ ഹുസൈന്റെ തിരിച്ചുവരവ് തിരിച്ചടിയാകുമെന്നാണ് കളമശേരിയിലെ നേതൃത്വം പറയുന്നത്.
ഏരിയ കമ്മിറ്റിയിലെ പിളര്‍പ്പ് ഒഴിവാക്കാനാണ് സക്കീര്‍ ഹുസൈനെതിരേ ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ നടപടിയെടുക്കാന്‍ രണ്ടാമതും തയാറായത്. അന്നത്തെ സാഹചര്യങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വാദിക്കുന്നു.
വിവാദങ്ങള്‍ ഒന്നൊന്നായി പിന്തുടരുന്ന സിപിഎം നേതാവിനെ രണ്ട് തവണയാണ് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തി സിപിഎം നടപടിയെടുത്തത്. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ജയിലില്‍ പോയതിനെ തുടര്‍ന്നാണ് സ്ഥാനത്തുനിന്ന് ആദ്യം നീക്കിയത്.
2016 ഒക്ടോബറിലാണ് ആദ്യ വിവാദ സംഭവം പുറത്ത് വന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിനാണ് രണ്ടാമത്തെ നടപടി.എളമരം കരീമിന്റെ നേതൃത്വത്തില്‍ അന്വേഷണകമ്മീഷനെ നിയോഗിച്ച് സക്കീര്‍ ഹുസൈന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ഏരിയ സെക്രട്ടറി സ്ഥാനം തിരികെ കൊടുക്കുകയാണ് ആദ്യം ചെയ്തത്.
ഭൂരിപക്ഷം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ മറികടന്നാണ് ആ തീരുമാനം എടുത്തത്. ഈ കേസില്‍ ജയില്‍ ശിക്ഷ കിട്ടിയതും പരിഗണിച്ചില്ല.
ഔദ്യോഗിക ഗ്രൂപ്പിന്റെ ഫണ്ട് റൈസര്‍ ആയതിനാല്‍ പാര്‍ട്ടിയുടെ ശക്തമായ പിന്തുണയാണ് സക്കീറിന് ലഭിക്കുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം. കൂടാതെ ജില്ലാ നേതാക്കന്മാരെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായും സൂചനയുണ്ട്.