സ്വന്തം ലേഖകൻ
തൃശൂർ: കോൾപാടത്തേക്കു പോയാലോ മോനെ…വൈകുന്നേരങ്ങളിൽ അമ്മാമ്മയുടെ ചോദ്യം കേൾക്കുന്നതിനു മുന്പുതന്നെ കൊച്ചുമോൻ റെഡി. നടക്കാൻപോലും വയ്യാത്ത 76 വയസായ അമ്മാമ്മയെ വീട്ടിൽനിന്ന് എടുത്ത് തന്റെ ഫിയറ്റ് കാറിന്റെ മുൻസീറ്റിലിരുത്തും.
ഒപ്പം അമ്മാമ്മയ്ക്ക് ഇഷ്ടമുള്ള പാട്ടുകൾ കേൾപ്പിക്കാൻ ആ ഗ്രാമഫോണും എടുത്തുവയ്ക്കും. എന്നിട്ടു നേരെ രണ്ടു കിലോമീറ്ററോളം അകലെയുള്ള ആന്പക്കാട് കോൾപാടത്തേക്ക്.
കാഴ്ചകൾ കണ്ടു പുഞ്ചിരിതൂകിയിരിക്കുന്ന അമ്മാമ്മയെ കാണുന്പോൾ കൊച്ചുമോന്റെ മനസു നിറയും. ഇതു ടിക് ടോക്കിനുവേണ്ടിയോ മറ്റെന്തെങ്കിലും ഷോർട്ട് ഫിലിമിനോ വേണ്ടിയുള്ള അഭിനയമല്ല. ഒരു കൊച്ചുമോൻ അമ്മാമ്മയെ സന്തോഷിപ്പിക്കാൻ നടത്തുന്ന പതിവുയാത്രയാണ്.
ഈ തലമുറയിലും ഇങ്ങനെയുള്ള ചെറുപ്പക്കാരോ…? സംശയിക്കേണ്ട. മെക്കാനിക്കൽ ഡിപ്ലോമക്കാരൻ ജെനക്സ് ജോയി(24) ഇങ്ങനെയാണ്. മൊബൈൽ ഫോണും കംപ്യൂട്ടറുമൊക്കെയായി എല്ലാവരും സമയം കളയുന്പോഴാണ് അമ്മാമ്മയെ സന്തോഷിപ്പിക്കാൻ അവൻ കുറച്ചു സമയം മാറ്റിവയ്ക്കുന്നത്. പുറനാട്ടുകര തേക്കാനത്ത് വീട്ടിൽ ജോയിയുടെ മകനാണ് ജെനക്സ്.
അമ്മ ബീനയുടെ മാതാവാണ് ത്രേസ്യാമ്മ അമ്മാമ്മ. നടക്കാനൊന്നും വയ്യ. ചുമരിൽ പിടിച്ചാണ് വീട്ടിൽ അത്യാവശ്യം നീങ്ങുക. പുറത്തെവിടെയെങ്കിലും പോകണമെങ്കിൽ എടുത്തുകൊണ്ടുതന്നെ പോകണം.
പഠനം കഴിഞ്ഞ് കോവിഡ് കാലത്തു വീട്ടിലിരുന്ന ബോറടിച്ചപ്പോഴാണ് അമ്മാമ്മയെ സന്തോഷിപ്പിക്കാനുള്ള മാർഗം ജെനക്സ് ചിന്തിച്ചത്. കാര്യം പറഞ്ഞപ്പോൾ അമ്മാമ്മ റെഡി.
പിന്നെ ഒന്നുമാലോചിച്ചില്ല, ഒരു ദിവസം അമ്മാമ്മയെ നല്ല ചട്ടയും മുണ്ടുമൊക്കെ ധരിപ്പിച്ച് എടുത്തുകൊണ്ടുപോയി തന്റെ നീല ഫിയറ്റ് കാറിന്റെ മുൻസീറ്റിൽ ഇരുത്തി. കൂടെ തന്റെ ഇഷ്ട കൂട്ടുകാരനായ ഗ്രാമഫോണും എടുത്തുവച്ചു.
പിന്നെപ്പിന്നെ, ആന്പക്കാട് കോൾപാടത്തിന്റെ പച്ചപ്പും സൗന്ദര്യവും ആസ്വദിക്കാനെത്തുന്നതു സ്ഥിരം പതിവായി. ഇവിടെയെത്തിയാൽ കാറിന്റെ മുകളിൽ ഗ്രാമഫോണ് വച്ച് പഴയ മലയാള ഗാനങ്ങൾ വച്ചുകൊടുക്കും. പാട്ടുകേട്ട് കാറ്റേറ്റു സന്തോഷവതിയായി അമ്മാമ്മ വീട്ടിലേക്കു മടങ്ങും.
മാസങ്ങളായി ഇവിടെയെത്താറുള്ള കൊച്ചുമോന്റെയും അമ്മാമ്മയുടെയും സന്ദർശനം വൈറലാക്കിയതു ഫോട്ടോഗ്രാഫർ അനിരുദ്ധൻ മുതുവറയാണ്.
സാധാരണ കാണാത്ത കാഴ്ചയായതിനാൽ, അമ്മാമ്മയെയും കൊണ്ട് കോളിലെത്തുന്ന ചെറുപ്പക്കാരൻ ആരാണെന്നുള്ള അന്വേഷണമാണ് സമൂഹത്തിനു തന്നെ വലിയൊരു സന്ദേശം നൽകുന്ന സംഭവമാണിതെന്നു തിരിച്ചറിഞ്ഞത്.
അമ്മാമ്മയുടേയും കൊച്ചുമോന്റെയും ഫോട്ടോകളും വീഡിയോയുമൊക്കെ ഓൺലൈനിൽ ഇതിനകം വൈറലായിക്കഴിഞ്ഞു.