കാനത്തൂർ: അമ്മയെ അച്ഛൻ വെടിവച്ചുകൊല്ലുന്നതിന് ഏക ദൃക്സാക്ഷിയായത് അഞ്ചു വയസുകാരനായ മകൻ. കാനത്തൂർ തെക്കേക്കരയിലെ ബേബിയെ ഭർത്താവ് വിജയൻ വെടിവച്ച കാര്യം ആദ്യം പുറംലോകത്തെ അറിയിച്ചതും ഈ ദന്പതികളുടെ മകൻ അഭിലാഷാണ്.
“അമ്മയെ അച്ഛൻ വെടിവച്ചു. ഇപ്പോൾ അമ്മ അനങ്ങുന്നില്ല’ എന്നാണ് അയൽവീട്ടിൽ ഓടിയെത്തിയ അഭിലാഷ് പറഞ്ഞത്. അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ച് ബേബിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അതിനകം തന്നെ ബേബിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
അത്യധികം ഭയത്തോടെയുള്ള കുട്ടിയുടെ പെരുമാറ്റം ഓർത്തെടുക്കുന്നതു പോലും അയൽവാസികൾക്ക് ഞെട്ടലാണ്. ദന്പതികളുടെ മരണത്തോടെ അനാഥനായ കുട്ടി ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ് ഉള്ളത്.
കുഞ്ഞിന്റെ ഞെട്ടലും ഭയവും ഇപ്പോഴും മാറിയിട്ടില്ല. എങ്കിലും മദ്യലഹരിയിലും ദേഷ്യത്തിലും സുബോധം നഷ്ടപ്പെട്ട അവസ്ഥയിലും വിജയൻ കുഞ്ഞിനെ ഉപദ്രവിക്കാതെ വിട്ടതിൽ ആശ്വാസം കണ്ടെത്തുകയാണ് ബന്ധുക്കളും അയൽവാസികളും. ഇരിയണ്ണി ഗവ. എൽപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ് അഭിലാഷ്.
ബേബിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിജയൻ ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഇതിനെതിരേ ബേബി ആദൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇരുവരെയും വിളിച്ചുവരുത്തി സംസാരിച്ചിരുന്നു.
അടയ്ക്കയും തേങ്ങയും പറിക്കുന്ന ജോലി ചെയ്തിരുന്ന വിജയൻ നന്നായി അധ്വാനിച്ച് കുടുംബം പുലർത്തിയിരുന്ന വ്യക്തിയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
പിന്നീട് മദ്യത്തിന് അടിമയായതോടെയാണ് കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായത്. സമീപത്തെ കോളനിയിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ നിന്നാണ് ഇയാൾ മദ്യത്തിനടിമയായത്. ഇയാൾക്ക് കള്ളത്തോക്ക് ലഭിച്ചത് എങ്ങനെയാണെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.