ന്യഡൽഹി: അതിർത്തി പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയെ ഇന്ത്യയിൽനിന്ന് തിരിച്ചുപിടിച്ചു രാജ്യത്തോടു ചേർക്കുമെന്നു നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി.
നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലി അടുത്ത ദിവസം ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഒലിയുടെ ഈ പ്രസ്താവന.സുഗോളി ഉടന്പടി പ്രകാരം മഹാകാളി നദിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന കാലാപാനി, ലിംപിയാധുര, ലിപുലേഖ് എന്നിവ നേപ്പാളിന്റെ ഭാഗമാണ്. ഇന്ത്യയുമായുള്ള നയതന്ത്ര ചർച്ചകളിൽ ഇക്കാര്യം ഉന്നയിക്കും.
1962-ലെ ഇന്ത്യ-ചൈന യുദ്ധത്തെ തുടർന്ന് ഇന്ത്യൻ സൈന്യം ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. നേപ്പാളി ഭരണാധികാരികൾ ഈ മേഖല തിരിച്ചുപിടിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കാലാപാനി നേപ്പാളിന്റെ പ്രദേശമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങൾ ഉൾപ്പെടുത്തി മാസങ്ങൾക്കുമുന്പു പ്രധാനമന്ത്രി നേപാളിന്റെ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതു വിവാദമായിരുന്നു.
ചൈനയുമായി അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനമായ ഈ മേഖലയിൽ ഇന്ത്യ ഒരു പുതിയ റോഡ് നിർമിച്ചതിനു പിന്നാലെയാണു നേപ്പാൾ ഭൂപടം പ്രസിദ്ധീകരിച്ചത്.