കോട്ടയം: യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുന്നണിയിൽ എത്തുമെന്ന് ജനപക്ഷം നേതാവ് പിസി ജോർജ്. യുഡിഎഫ് അധികാരത്തിലെത്തണമെങ്കിൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മുൻപന്തിയിൽ നിൽക്കണമെന്ന് ഉമ്മൻചാണ്ടിയോട് പറഞ്ഞിട്ടുണ്ടെന്നും ജോർജ് പറഞ്ഞു.
ജനാധിപത്യത്തിനു വില കൽപ്പിക്കാത്ത പിണറായി വിജയൻ സർക്കാരിനെതിരെയുള്ള പോരാട്ടത്തിനു ജനപക്ഷത്തിന്റെ സേവനം ആവശ്യമാണെന്ന് യുഡിഎഫിനു ബോധ്യപ്പെട്ടിട്ടുണ്ട്.
മുന്നണി പ്രവേശത്തെക്കുറിച്ച് യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്താൻ പാർട്ടി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കോണ്ഗ്രസ് നേതൃത്വവുമായി യാതൊരു തർക്കവുമില്ല. പ്രാദേശികമായ ചില തർക്കങ്ങൾ പറഞ്ഞുതീർക്കാവുന്നതേയുള്ളൂ. അതൊന്നും ആനക്കാര്യമല്ലെന്നും ജോർജ് പറഞ്ഞു.
ഉമ്മൻചാണ്ടിയുമായി നാലു വർഷത്തിനിടെ എന്തെങ്കിലും അഭിപ്രായ വ്യത്യാസമില്ല. കുശുന്പൻമാർ പലതും പറഞ്ഞുണ്ടാക്കും. രാഷ്ട്രീയത്തിൽ എല്ലാം നേരായി പോകില്ല. നേരത്തെ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അഭിപ്രായം ഇരിന്പുലക്കയല്ലെന്നും ജോർജ് പറഞ്ഞു.