തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവർ ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ. ശ്രീകാര്യം ഇടവക്കോട് സ്വദേശി ശ്രീകുമാർ (52) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടു മണിയോടെ ഇടവക്കോട്ടെ സ്വകാര്യ സ്കൂളിന് സമീപമായിരുന്നു സംഭവം. ഓട്ടോറിക്ഷയുടെ പെട്രോൾ ടാങ്ക് തുറന്ന നിലയിലാണ്. ആത്മഹത്യയെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഓട്ടോറിക്ഷയും മൃതദേഹവും പൂർണമായും കത്തികരിഞ്ഞ നിലയിലാണ് മൃതദേഹം. സ്വകാര്യ സ്കൂളിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ മനോവിഷമത്തിലായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.
സ്വകാര്യ സ്കൂളിലെ ജീവനക്കാരനായിരുന്ന ശ്രീകുമാർ ഉൾപ്പെടെയുള്ള തൊഴിലാളികളെ സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടിരുന്നു. ഇതിനെതിരെ തൊഴിലാളികൾ കഴിഞ്ഞ മൂന്ന് മാസമായി സമരത്തിലാണ്.
കഴിഞ്ഞ ദിവസം ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ ശ്രീകുമാറിനെ ഇന്നു മുതൽ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നുവെന്നും എന്നാൽ ഇന്ന് ജോലിക്ക് വന്നപ്പോൾ സ്കുൾ അധികൃതർ വാക്ക്
പാലിക്കാത്തതിനെത്തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു. ശ്രീകുമാറിന്റെ സുഹൃത്തിന്റെ വീട്ടിൽ പേഴ്സും ആത്മഹത്യകുറിപ്പും എത്തിച്ച ശേഷമാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്.
ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സ്കൂൾ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും സമരം ചെയ്യുന്ന തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്.
ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികൃതർ സ്ഥലത്തെത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം. സൈബർ സിറ്റി അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു.