ചെന്നൈ: തീവണ്ടിയിൽ ഉറങ്ങിക്കിടന്ന നാല്പതുകാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ രണ്ടുപേരെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു.
റെയിൽവേ കരാർ തൊഴിലാളികളായ അബ്ദുൾ അസീസ് (30), സുരേഷ് (31) എന്നിവരെയാണ് റെയിൽവേ പോലീസ് താംബരം റെയിൽവേ യാർഡിൽനിന്ന് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. ചെങ്കൽപ്പെട്ട് സ്വദേശിനിയായ യുവതി ട്രെയിനുകളിൽ ചെറിയ കച്ചവടം നടത്തിയാണ് ജീവിക്കുന്നത്.
വെള്ളിയാഴ്ച രാത്രി പല്ലവാരത്തുനിന്നു ട്രെയിനിൽ കയറിയ യുവതി ഉറങ്ങിപ്പോയി. ട്രെയിൻ ചെങ്കൽപ്പെട്ട് വരെ എത്തി തിരികെ താംബരം റെയിൽവേ സ്റ്റേഷനു സമീപമുള്ള യാർഡിലേക്കു മാറ്റുകയും ചെയ്തു.
ശനിയാഴ്ച പുലർച്ചെ 12.30ഓടെ ഇവർ ട്രെയിനിൽ ഉറങ്ങിക്കിടക്കുന്നത് കരാർ തൊഴിലാളികളായ അബ്ദുൾ അസീസിന്റെയും സുരേഷിന്റെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്നാണ് മാനഭംഗം നടന്നത്. ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന യുവതി ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ഇവർ ബലമായി കീഴ്പ്പെടുത്തുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
ഏതാണ്ട് ഒരു മണിക്കൂറിനുശേഷമാണ് യുവതിയെ വിട്ടയച്ചത്. സംഭവം പുറത്തുപറഞ്ഞാൽ റെയിൽവേയുടെ സാമഗ്രികൾ മോഷ്ടിച്ചെന്ന പേരിൽ ജയിലിലാക്കുമെന്ന് യുവതിയെ പ്രതികൾ ഭീഷണിപ്പെടുത്തി.
ട്രെയിനിൽ കച്ചവടം നടത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു. യാർഡിൽനിന്നു ഒരു കിലോമീറ്റർ അകലെയുള്ള സ്റ്റേഷൻ വരെ നടന്നെത്തിയ യുവതി റെയിൽവേ പോലീസിനോടു സംഭവം വിശദീകരിച്ചു.
ഉടനെ യാർഡിൽ എത്തിയ റെയിൽവേ പോലീസ് അന്വേഷണമാരംഭിച്ചു. പിറ്റേന്ന് ഒന്നും സംഭവിക്കാത്തതുപോലെ ഡ്യൂട്ടിക്കെത്തിയ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കെതിരേ പീഡനക്കുറ്റം ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.