യുറേനിയം കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ ചെയ്ത് അറിയിച്ച റാന്നി സ്വദേശിയായ യുവാവും സുഹൃത്തും കുടുങ്ങി.
തിരുവനന്തപുരം ബോംബ് സ്ക്വാഡില്‍നിന്നെത്തിയ വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ കുപ്പികളില്‍ സൂക്ഷിച്ചിരിക്കുന്ന കറുത്ത പൊടിക്ക് റേഡിയേഷന് ഇല്ലെന്ന് സ്ഥിരീകരിച്ചു. യുറേനിയമാണോയെന്ന് പരിശോധിക്കുന്നതിന് ഇന്ന് കൊച്ചി ഉദ്യോഗമണ്ഡലില്‍നിന്ന് വിദഗ്ധ സംഘം എത്തും. ഇതിന് ശേഷമേ സ്ഥിരീകരിക്കാനാവൂവെന്ന് തിരുവല്ല ഡിവൈ.എസ്.പി. റ്റി.രാജപ്പന് പറഞ്ഞു.
റാന്നി വലിയകുളം കണികുന്നത്ത് പ്രശാന്ത്(31), സുഹൃത്ത് അടിച്ചിപ്പുഴ വലിയകുളം മഠത്തില്‍കാവ് സുനില്‍(46) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെ പക്കലുമുണ്ടായിരുന്ന കുപ്പികളില്‍ സൂക്ഷിച്ചിരുന്ന പൊടി പോലീസ് പ്രശാന്തിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വീട് പോലീസ് സീല്‍ ചെയ്ത് കാവലും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പോലീസ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ വരുന്നത്. പ്രശാന്താണ് പോലീസ് കണ്ട്രോള് റൂമിലേക്ക് ഫോണില്‍ വിളിച്ച് വീട്ടില്‍ യുറേനിയം സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിച്ചത്.
വൈകാതെ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയതോടെ വീട്ടില്‍ കുപ്പിയില്‍ സൂക്ഷിച്ച പൊടി പ്രശാന്ത് പോലീസിന് കൈമാറുകയായിരുന്നു. സുഹൃത്ത് സുനിലിന്റെ കൈവശവും ഇതുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അതും കണ്ടെത്തി.
സുനിലിന്റെ വീടിന് സമീപം കുഴിച്ചിട്ട നിലയിലായിരുന്നു അത്. ഇതും പ്രശാന്തിന്റെ വീട്ടിലെത്തിച്ച ശേഷമാണ് വീട് പോലീസ് കസ്റ്റഡിയിലാക്കയത്. ജില്ലാ അസിസ്റ്റന്റ് പോലീസ് മേധാവി എ.യു.സുനില്‍ കുമാര്‍, തിരുവല്ല ഡിവൈ.എസ്.പി. റ്റി.രാജപ്പന്, റാന്നി എസ്.എച്ച്.ഒ. പി.എസ്.വിജയന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് രാത്രിയില്‍തന്നെ അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് തിരുവനന്തപുരത്തുനിന്ന് ബോംബ് സ്ക്വാഡിലെ റേഡിയേഷനുമായി ബന്ധപ്പെട്ടസംഘം എത്തിയത്. റേഡിയേഷന് ഇല്ലെന്നറിഞ്ഞതോടെ സമീപവാസികള്‍ക്ക് അല്പം ആശ്വാസമായി.
മല്ലപ്പള്ളി സ്വദേശിനിയെ വിവാഹം കഴിച്ച തമിഴ്നാട്ടുകാരനാണ് വിലകൂടിയ പൊടിയാണെന്നും ആവശ്യക്കാരുണ്ടെങ്കില്‍ വില്‍ക്കണമെന്നും പറഞ്ഞ് ഏല്‍പ്പിച്ചതെന്ന് കസ്റ്റഡിയിലായവര്‍ പോലീസിനോട് പറഞ്ഞു.
ഒമ്പത് മാസം മുമ്പാണ് നല്‍കിയത്. വില്ക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല.
കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റിലൂടെ നടത്തിയ പരിശോധനയിലാണ് യുറേനിയം സൂക്ഷിക്കുന്നതിന്റെ അപകടവും ഗൗരവവും മനസ്സിലായതെന്നും അതിനാലാണ് ഉടന്‍ പോലീസ് കണ്ട്രോള് നമ്പരില്‍ വിളിച്ച് വിവരം അറിയിച്ചതെന്നുമാണിവര് പോലീസിനോട് പറഞ്ഞത്.
രാത്രിമുതല്‍ നിരവധി പോലീസ് വാഹനങ്ങള്‍ കടന്നുപോകുന്നത് കണ്ടാണ് നാട്ടുകാര്‍ വിവരം തിരക്കിയത്. യുറേനിയം കണ്ടെത്തിയെന്നറിഞ്ഞതുമുതല് നാട്ടുകാര്‍ ആശങ്കയിലായിരുന്നു.എന്നാല്‍ പ്രഥമപരിശോധനയില്‍ റേഡിയേഷനില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇവര്‍ക്ക് തെല്ലൊന്നാശ്വാസമായത്.