കൊട്ടാരക്കര: ആർഎസ്പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും കൊട്ടാരക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തയ്യൽ തൊഴിലാളി യൂണിയൻ (യുടിയുസി) കൊട്ടാരക്കര താലൂക്ക് യൂണിയൻ സെക്രട്ടറിയുമായ ഇ.സലാഹുദീനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തതതായി ജില്ലാ സെക്രട്ടറി കെ.എസ് വേണുഗോപാൽ അറിയിച്ചു.
പാർട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കത്തക്ക തരത്തിൽ വാർത്തകൾ ഉണ്ടായ സംഭവത്തിന് ഉത്തരവാദി ആണെന്ന് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിനാലാണ് നടപടി.
കഴിഞ്ഞ ദിവസം തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ പണമടച്ചതിന്റെ രസീത് ആവശ്യപ്പെട്ട് പാർട്ടി ഓഫീസിലെത്തിയ സ്ത്രീയെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും കസേരയെടുത്ത് ആക്രമിക്കാൻ ശ്രമിക്കുകയുമുണ്ടായി.
ഇതിന്റെ വീഡിയോ നവ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽസംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ മൂന്നംഗ അന്വേഷണ കമ്മിറ്റിയെ തീരുമാനിച്ചു. മണ്ഡലം കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി.സോമശേഖരൻ നായർ, വെളിയം ഉദയകുമാർ, കെ.പ്രദീപ് കുമാർ, ബി.തുളസീധരൻ പിള്ള, ലൈലാ സലാഹുദീൻ, ഷെമീന ഷംസുദീൻ, മുഹമ്മദ് ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.