കാര്യം അച്ഛനൊക്കെത്തന്നെ, പക്ഷെ എന്തിനും ഏതിനും അദ്ദേഹത്തിന്റെ താളത്തിനൊപ്പം തുള്ളിയാല്‍ തന്റെ ഭാവി കരിഞ്ഞുപോവുമെന്ന് ഇവാന്‍ക ട്രംപിന് നന്നായിയറിയാം.
അതിനാല്‍ തന്നെ ട്രംപിന് കനത്ത മാനസികാഘാതം സമ്മാനിച്ചുകൊണ്ട് ജനുവരി 20ന് നടക്കുന്ന ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഇവാന്‍ക ട്രംപ് എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഈ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തന്നെ 2024ലെ തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസും ഇവങ്ക ട്രംപും തമ്മിലായിരിക്കും മത്സരമെന്ന രീതിയില്‍ ചില സംസാരങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
അതുപോലെ, ഒബാമയുമായുള്ള അടുപ്പവും, സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളില്‍ കാണിക്കുന്ന താത്പര്യവും നിമിത്തം ഒരുപക്ഷെ മേഗന്‍ മാര്‍ക്കല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകുമെന്നും അവര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇറക്കുക ഇവാന്‍ക ട്രംപിനെ ആയിരിക്കും എന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
എന്തായാലും, ഇവാന്‍കയ്ക്ക് രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടെന്നുള്ള കാര്യം ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അതില്‍ നല്ല സാധ്യതകളും ഉണ്ടെന്ന് ഇവാന്‍ക തിരിച്ചറിയുന്നു. തന്റെ പിതാവ് കാണിക്കുന്ന അരവട്ടിന് കൂട്ടുനിന്ന് തന്റെ രാഷ്ട്രീയഭാവി തുലയ്ക്കാന്‍ ഇവാന്‍ക ആഗ്രഹിക്കുന്നില്ലെന്ന സൂചനയാണ് ഇതില്‍ നിന്നും പുറത്തു വരുന്നത്.
തന്നെ, അധാര്‍മികമായി താഴെയിറക്കാന്‍ കൂട്ടുനിന്ന ചതിയന്മാരോടൊപ്പം ഇവാന്‍കയും ചേരുകയാണെന്നാണ് ഇതിനെ കുറിച്ച് ട്രംപ് പ്രതികരിച്ചത് എന്ന് വൈറ്റ്ഹൗസിനുള്ളിലെ ചിലര്‍ വെളിപ്പെടുത്തുന്നു. കുടുംബം മുഴുവന്‍ തന്നോടൊപ്പം ഉറച്ചു നില്‍ക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.
ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുക വഴി പ്രതിച്ഛായ വര്‍ധിക്കുമെന്നും അത് ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഇവാന്‍ക കരുതുന്നു.
ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന ദിവസം തന്നെയാണ് ട്രംപിന്റെ പരിപാടിയും നടക്കുന്നത്. എന്നാല്‍ തന്റെ ഭാവി നോക്കി ഇവാന്‍ക.
25-ാ0 ഭരണഘടനാ ഭേദഗതി അനുസരിച്ച് ട്രംപിനെ പുറത്താക്കണമെന്ന് വൈസ്പ്രസിഡണ്ട് മൈക്ക് പെന്‍സിന് മേല്‍ സമ്മര്‍ദ്ദം ഏറുന്ന സമയത്താണ് ഇങ്ങനെ ഒരു വാര്‍ത്ത വരുന്നത്. തിങ്കളാഴ്ച്ച പാര്‍ലമെന്റില്‍ ഡെമോക്രാറ്റുകള്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു.
ട്രംപിന്റെ അവസാന നാളുകള്‍ വൈറ്റ് ഹൗസിനെ ആകെ താറുമാറാക്കിയെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.മക്കള്‍ വിവിധ കാര്യങ്ങളിലെ നിയന്ത്രണം നഷ്ടപ്പെടുന്ന വ്യഥയിലാണെങ്കില്‍ വൈറ്റ്ഹൗസ് ജീവനക്കാര്‍ ആകെ ആശങ്കാകുലരുമാണ്.
ട്രംപ് ജൂനിയറും ഇവങ്കയും തമ്മിലുള്ള കലാപം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുകയാണെന്നും പറയപ്പെടുന്നു. ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് മുമ്പ് തന്നെ ട്വീറ്റ് ചെയ്തിരുന്നു.
ഇതിനു മുമ്പ് 1869-ല്‍ അന്ന് പ്രസിഡന്റാായിരുന്ന ആന്‍ഡ്രൂ ജോണ്‍സണ്‍ ആയിരുന്നു പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്ന മുന്‍പ്രസിഡന്റ്. അന്ന് അദ്ദേഹത്തേയും ഇംപീച്ച് ചെയ്യുകയായിരുന്നു. അതിനു മുന്‍പായി ജോണ്‍ ആഡംസ്, ജോണ്‍ ക്വിന്‍സി എന്നിവരും തങ്ങളുടെ പിന്‍ഗാമികള്‍ ഭരണമേല്‍ക്കുന്നത് കാണാന്‍ എത്തിയിരുന്നില്ല.