കറുകച്ചാൽ: കറുകച്ചാലിലും സമീപ പ്രദേശങ്ങളിലും നിരവധി ആക്രമണങ്ങൾ നടത്തിയ നാലംഗ സംഘം പിടിയിലായതോടെ തെളിഞ്ഞതു നിരവധി കേസുകൾ.
കങ്ങഴ കൊറ്റൻചിറ തകിടിയേൽ അബിൻ (22), ചാമംപതാൽ ഉള്ളായം ഇടയകുളത്ത് വിമൽ വിനോദ് (21), പാന്പാടി കയത്തിങ്കൽ പാറപ്പറന്പിൽ ചിന്തു രാമകൃഷ്ണൻ (26) എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റു ചെയ്തത്.
ഇവരുടെ സംഘത്തിൽപ്പെട്ട ചാമംപതാൽ കൊങ്ങണാമണ്ണിൽ ജഗന്നാഥ(22)നെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. പിടിയിലായവർക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
കറുകച്ചാൽ, മണിമല പ്രദേശങ്ങളിൽ നാളുകളായി സംഘം നിരവധി ആക്രമണങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയിരുന്നു. പത്തനാട് മേഖലയിൽ അടിക്കടി ആക്രമണ സംഭവങ്ങൾ നടത്തിയിരുന്നതു പിടിയിലായ നാലംഗ സംഘമായിരുന്നു.
ഇടയിരിക്കപ്പുഴ, ചാരംപറന്പ് മുസ്ലീംപള്ളികൾക്കും, വീടുകൾക്കും നേരെ ആക്രണം നടത്തിയതും ഇവർ തന്നെയെന്ന് പോലീസ് പറഞ്ഞു. സംഘത്തിന്റെ തലൻ അബിനാണ്.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. പത്തനാട്ടെ പട്രോൾ പന്പിൽ കത്തികാട്ടി ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതും അബിനാണ് .
പാന്പാടിയിൽ ഇവരുടെ നേതൃത്വത്തിൽ ബൈക്ക് മോഷണം, കീഴ്്വായ്പൂരിൽനിന്നും വീട്ടമ്മയുടെ മാല പൊട്ടിച്ചതും ഉൾപ്പെടെ നിരവധി കുറ്റ കൃത്യങ്ങൾ ചെയ്തത് തങ്ങളാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
കഴിഞ്ഞ ദിവസം മണിമല കറിക്കാട്ടൂർ വെട്ടുവേലിൽ ഷാജൻ ജോസിന്റെ പോർച്ചിൽനിന്നും ആക്ടീവ സ്കൂട്ടർ മോഷ്്ടിച്ചതും ഇവർ തന്നെയാണെന്ന് പോലീസ് പറഞ്ഞു.
സിസിടി ദൃശ്യങ്ങളിൽ മാസ്കും തൊപ്പിയും ധരിച്ച യുവാവ് പോർച്ചിലെത്തി സ്കൂട്ടർ അപഹരിക്കുന്നതായി കണ്ടെത്തിയിരുന്നു. കറുകച്ചാൽ എസ്എച്ച്ഒ കെ.എൽ. സജിമോൻ, എസ്ഐമാരായ ബോബി വർഗീസ്, ഷാജൻ ജോസഫ് എന്നിവരടുടെ സംഘമാണു പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.