കോഴിക്കോട്: ജയില്‍ ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തിയ സ്പെഷല്‍ സബ് ജയിലില്‍ കൂട്ടസ്ഥലമാറ്റത്തിന് സാധ്യതയേറി. ജയിലധികൃതരുടെ ഗുരുതര വീഴ്ചയെ തുടര്‍ന്ന് റിമാന്‍ഡ് തടവുകാരന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഈ സംഭവത്തില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നുപേർക്കെതിരേ നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് പുറമേയാണ് കൂട്ടസ്ഥലമാറ്റം നടത്താന്‍ ഉത്തരമേഖലാ ജയില്‍ ഡിഐജി തീരുമാനിച്ചത്. ഈ മാസത്തോടെ ജയിലിലെ നിലവിലുള്ള 15 പേരെ സ്ഥലംമാറ്റാനാണ് നീക്കം.
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ എന്നിവരെയാണ് മാറ്റാന്‍ തീരുമാനം. ജയിലില്‍ വീഴ്ചകളുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഡിഐജി നടപടിക്കൊരുങ്ങുന്നത്.
അതേസമയം സ്ഥലം മാറ്റത്തില്‍ ജീവനക്കാര്‍ക്ക് അതൃപ്തിയുണ്ട്. ഇന്ന് ജയില്‍ ഡിജിപി ഋഷിരാജ്സിംഗ് കോഴിക്കോടെത്തുന്നുണ്ട്. റിമാന്‍ഡ് തടവുകാരന് മരിച്ച സ്പെഷല്‍ സബ് ജയില്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന.
കിണാശേരി കുറ്റിയില്‍ത്താഴം കരിമ്പൊയിലില്‍ ബീരാന്‍കോയ (61)യാണ് കഴിഞ്ഞാഴ്ച പുതിയറ സ്പെഷല്‍ സബ്ജയിലില്‍ തൂങ്ങിമരിച്ചത്.
സംഭവത്തിൽ സൂപ്രണ്ട്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരേ നടപടിയെടുത്തിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.20-ഓടെയായിരുന്നു സംഭവം.
ജയിലിലെ ഒന്നാം ബ്ലോക്കില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ബീരാന്‍കോയയെ തോര്‍ത്തുമുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ സഹതടവുകാര്‍ കാണുകയായിരുന്നു. ജീവനക്കാര്‍ ജോലിയില്‍ വീഴ്ചവരുത്തിയതിനും ജാഗ്രതക്കുറവ് കാട്ടിയതിനുമാണ് നടപടി.