കൊച്ചി: ഒമ്പതു മാസങ്ങള്‍ക്കു ശേഷം തിയറ്ററുകള്‍ നാളെ തുറക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് തീയറ്റര്‍ ഉടമകള്‍. വിജയ് നായകനായ മാസ്റ്റര്‍ ആണ് നാളെ റിലീസ് ആകുന്നത്.
പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിയറ്ററുകള്‍ പ്രവര്‍ത്തിക്കുക. ഒന്നിടവിട്ട സീറ്റുകളിലാകും ആളുകളെ ഇരുത്തുക. ഈ രീതിയിലായിരിക്കും ടിക്കറ്റുകളും നല്‍കുക.
കൂടാതെ ഓരോ ഷോ കഴിയുമ്പോഴും അണുനശീകരണം നടത്തും. ഏതാനും തിയറ്ററുകളില്‍ അഞ്ചു ദിവസം വരെ നിലനിര്‍ത്താന്‍ കഴിയുന്ന രീതിയിലുള്ള അണുനശീകരണ രീതിയാണ് പ്രയോഗിക്കുക.
കൂടാതെ തെര്‍മല്‍ സ്കാനര്‍, സാനിറ്റൈസര്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. തിയറ്ററിലെത്തുന്നവര്‍ മാസ്ക് ധരിച്ചിട്ടുണ്ടോയെന്ന് നിര്‍ബന്ധമായും പരിശോധിക്കും. തിയറ്ററുകളില്‍ കൂട്ടം കൂടാനും അനുവദിക്കില്ല.
ആദ്യഘട്ടത്തില്‍ ഒരു ദിവസം മൂന്നു ഷോ ആണ് ഉണ്ടാകുക. നാളെ റിലീസ് ആകുന്ന മാസ്റ്റര്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയായതിനാലാണ് മൂന്നു ഷോ നടത്തുന്നതെന്നും വരും ദിവസങ്ങളില്‍ മറ്റു ചിത്രങ്ങള്‍ റിലീസാകുന്ന മുറക്ക് ഷോയുടെ എണ്ണം വര്‍ധിപ്പിച്ചേക്കുമെന്നും സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് സെക്രട്ടറി ഷാജി വിശ്വനാഥ് പറഞ്ഞു.
രാത്രി ഒമ്പതു വരെ പ്രദര്‍ശനം പാടുള്ളൂവെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ആളുകള്‍ കൂടുതലും എത്തുന്നത് സെക്കന്‍ഡ് ഷോകള്‍ക്കാണ്.
ഇതില്ലാത്തത് തീയറ്റര്‍ ഉടമകള്‍ക്ക് ചെറിയൊരു തിരിച്ചടിയാണെന്നും എന്നിരുന്നാലും തീയറ്ററുകള്‍ തുറക്കുന്നത് ആശ്വാസകരമാണെന്നും അദേഹം പറഞ്ഞു.