ഗാന്ധിനഗർ: ശസ്ത്രക്രിയക്ക് മുന്പ് രോഗിയെ മയക്കുന്നതിനുള്ള വിലകൂടിയ മരുന്ന് രോഗിയുടെ ബന്ധുവിനെ കൊണ്ടു വാങ്ങിപ്പിച്ചു.
ഉപയോഗിക്കാതിരുന്ന ഈ മരുന്ന് ശസ്ത്രക്രിയക്കുശേഷം തിയറ്ററിൽ ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ജീവനക്കാരി വാങ്ങിയ കടയിൽ കൊണ്ടുപോയി തിരികെ വില്പന നടത്തി.
കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അസ്ഥിരോഗ വിഭാഗത്തിലാണ് സംഭവം. മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഒരു രോഗിക്ക് ഡോക്ടർമാർ വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ശസ്ത്രക്രിയക്ക് മുന്പ് കൈ മരവിപ്പിക്കുന്നതിനുള്ള മരുന്ന് കുറിച്ച് നൽകി. രോഗിയുടെ ബന്ധുക്കൾ, മോർച്ചറി ഗേറ്റിന് എതിർ ഭാഗത്തുള്ള ഒരു ഹോട്ടലിനു സമീപമുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി.
തുടർന്ന് ശസ്ത്രക്രിയ തിയറ്ററിൽ ഡ്യൂട്ടിയുള്ള നഴ്സിംഗ് അസിസ്റ്റന്റായ ജീവനക്കാരി വഴി മരുന്നു നൽകി. മരുന്നു നൽകിയപ്പോൾ കടയിലെ ബിൽ കൂടി തരാൻ ജീവനക്കാരി ആവശ്യപ്പെടുകയും, രോഗിയുടെ ബന്ധുക്കൾ അത് നൽകുകയും ചെയ്തു.
ശസ്ത്രക്രിയക്കുശേഷം രോഗിയുടെ ബന്ധുക്കൾ ജീവനക്കാരിയോട് ബിൽ കൈപ്പറ്റിയത് എന്തിനാണെന്ന് ചോദിച്ചപ്പോൾ അവർ തട്ടിക്കയറി. തുടർന്ന് ഇവർ ആശുപത്രി അധികൃതർക്ക് പരാതി നൽകി.
പരാതിയെ തുടർന്ന് ഇന്നലെ ആശുപത്രി അധികൃതർ നേരിട്ട് മരുന്നു കടയിലെത്തി അന്വേഷണം നടത്തുകയും തിയറ്ററിലേക്ക് വാങ്ങിയ മരുന്ന് തിരികെ കൊണ്ടുവന്നു ജീവനക്കാരി വിറ്റതാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
തുടർന്ന് ഏത് ജീവനക്കാരെന്ന് കണ്ടു പിടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കഴിഞ്ഞ ദിവസം തിയേറ്ററിൽ ഡ്യൂട്ടി ചെയ്ത ജീവനക്കാരികളെ നിർത്തി തിരിച്ചറിയൽ പരേഡ് നടത്തുകയും ഇതിലൂടെ ജീവനക്കാരിയെ രോഗിയുടെ ബന്ധുക്കൾ തിരിച്ചറിയുകയും ചെയ്തു.
തുടർന്ന് ജീവനക്കാരിയോട് വിശദീകരണം ആവശ്യപ്പെട്ട് അധികൃതർ കത്ത് നൽകിയിരിക്കുകയാണ്.