ന്യൂഡൽഹി: അസമിൽ ഡോക്ടർമാർ നടത്തിയ നൂറു കോടി രൂപയുടെ നികുതിവെട്ടിപ്പ് പുറത്ത്. വെള്ളിയാഴ്ച ഗുവാഹത്തിയിലും നൽബരി, ദിബ്രുഗഡ് എന്നിവിടങ്ങളിലുമായി 29 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇക്കാര്യം വ്യക്തമായത്.
റെയ്ഡിൽ കണക്കിൽപ്പെടാത്ത ഏഴരക്കോടിയിലേറെ രൂപയും ആദായ നികുതിവകുപ്പ് കണ്ടെത്തി. പ്രമുഖ ഡോക്ടർമാരുടെയും മറ്റു മെഡിക്കൽ പ്രഫഷണലുകളുടെയും കേന്ദ്രങ്ങളിലായിരുന്നു പരിശോധനയെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സേഷൻ അധികൃതർ പറഞ്ഞു.
ആശുപത്രികളും ഡോക്ടർമാരും തങ്ങളുടെ ഭീമമായ വരുമാനം മറച്ചുവച്ചിരുന്നതായി അധികൃതർ പറയുന്നു. ഡോക്ടർമാർക്ക് വ്യക്തിപരമായും, ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, പരിശോധനാ ലാബുകൾ, ഫാർമസികൾ എന്നിവയിലൂടെയും ഉള്ള വരുമാനമാണ് കുറച്ചുകാണിച്ചിരുന്നത്. രേഖകളില്ലാത്ത നിരവധി ഇടപാടുകൾ കണ്ടെത്തി.