കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ പിടിയിലായ യുവാവ് റിമാന്‍ഡില്‍ കഴിയവേ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് അധികൃതര്‍.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ച കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖിന്റെ (35) മരണവുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.
എറണാകുളം ഉദയംപേരൂര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഷെഫീഖ് ഇന്നലെയാണ് മരിച്ചത്. കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റല്‍ സ്കൂളിന്റെ ക്വാറന്റൈന് സെന്ററിലായിരുന്നു പ്രതി റിമാന്‍ഡില്‍ കഴിഞ്ഞുവന്നത്.
അപസ്മാര ബാധയെത്തുടര്‍ന്നു ചൊവ്വാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നുവെന്നു.
തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത ഷെഫീഖിനെ അന്നുതന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണു ഉദയംപേരൂര്‍ പോലീസ് വ്യക്തമാക്കുന്നത്. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്തവരൂവെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഷഫീഖിന്റെ തലയില്‍ മുറിവുകളുണ്ടെന്നും പോലീസ് മര്ദനമേറ്റെന്നുമാണു ബന്ധുക്കള്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ സഹായം ലഭ്യമാക്കാമെന്നു വാഗ്ദാനം ചെയ്തു വയോധികയില്നിന്നു 3,000 രൂപയും സ്വര്‍ണക്കമ്മലും തട്ടിയെടുത്തെന്ന കേസിലാണ് ഉദയംപേരൂര്‍ പോലീസ് ഷെഫീഖിനെ അറസ്റ്റ് ചെയ്തത്.