നാഗമ്പടത്ത് ഇടതുചേർന്ന് ഓവർടേക്കിഗ്, ബേക്കർ ജംഗ്ഷനിൽ നടുറോഡിൽ യുടേണ്ച കോട്ടയം ടൗണിൽ ഗതാഗത നിയമങ്ങൾക്ക്
വിലയില്ലേ ?
കോട്ടയം: കോട്ടയം നഗരത്തിൽ ട്രാഫിക് നിയമങ്ങൾക്ക് പുല്ലുവില. നഗരത്തിൽ ഇപ്പോൾ തോന്നുംപടിയാണ് ട്രാഫിക്.ഇടതു വശം ചേർന്നുള്ള ഓവർടേക്കിംഗും തെറ്റായ ദിശയിൽ കൂടി വാഹനങ്ങൾ പായുന്നതും നടുറോഡിലും ട്രാഫിക് ഐലന്റിൽ ഉൾപ്പെടെ യു ടേണ്‍ എടുക്കുന്നതും അപകടങ്ങൾക്ക് വഴിവയ്ക്കുകയാണ്.
നഗരത്തിലുടനീളം സിസിടിവി കാമറകളുണ്ടായിരിക്കെ ഗതാഗതവകുപ്പും പോലീസും നടപടിയെടുക്കാറില്ല. എംസി റോഡിൽ സംക്രാന്തി മുതൽ നാഗന്പടം വരെ വലതുവശത്തും ഇടതുവശത്തും ഓരോ നിരയിൽ ഒരേ വേളയിലാണു മരണവേഗത്തിൽ ഓവർടേക്കിംഗ്.
ഇവിടങ്ങളിൽ അപകടവും നിത്യസംഭവമാകുകയാണ്. ബേക്കർ ജംഗ്ഷനിൽ ഇന്നലെ രാത്രി 6.30നു ടെന്പോ ട്രാവലർ കാറിന്റെ പിന്നിലിടിച്ച് അപകടമുണ്ടായി. ബേക്കർ ജംഗ്ഷനിൽ വൈഡബ്ല്യുസിഎയ്ക്കു സമീപം കാറിന്റെ വശങ്ങളിൽ ബസ് ഇടിച്ചു അപകടമുണ്ടായി. ഇവിടെ 15 മിനിറ്റ് ഗതാഗതതടസമുണ്ടായി.
ട്രാഫിക് നിയമം കർശനമായി പാലിക്കുന്നവർക്ക് ഭീഷണിയായി മാറുകയാണ് ഇടതുവശം ചേർന്നുള്ള പാച്ചിൽ. ഇടതു വശത്തെ ഓവർടേക്കിംഗിൽ ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ജീവരക്ഷയ്ക്ക് നെട്ടോട്ടമോടേണ്ട ഗതികേടിലാണ്.
എസ്എച്ച് മൗണ്ട് മുതൽ നാഗന്പടം ജംഗ്ഷൻ വരെ ഇത്തരത്തിൽ വശം തെറ്റിച്ചുള്ള കുത്തിത്തിരുകൽ പതിവായിരിക്കുന്നു. ഇതിനൊപ്പമാണ് ബേക്കർ ജംഗ്ഷനിൽ പോക്കറ്റ് റോഡുകളിൽനിന്ന് വാഹനങ്ങൾ നിയമവിരുദ്ധമായി എംസി റോഡിലേക്കിറങ്ങുന്നതും യു ടേണ്‍ എടുക്കുന്നതും.
കെകെ റോഡിൽ കഞ്ഞിക്കുഴിയിലെ കലുങ്കു നിർമാണത്തെത്തുടർന്ന് ഒരു മാസമായി ഗതാഗതക്കുരുക്ക് തുടരുകയാണ്. വടവാതൂർ മുതൽ കഞ്ഞിക്കുഴിവരെ മണിക്കൂറുകൾ വാഹനക്കുരുക്ക് പതിവാണ്. ഇത്തരം നിർമാണങ്ങൾ രാത്രികാലത്ത് നടത്തണമെന്ന് നിർദേശമുണ്ടായിട്ടും അധികൃതരുടെ ശ്രദ്ധ പതിയുന്നില്ല.