തിരുവനന്തപുരം: കാക്കനാട് ജില്ലാ ജയിലിൽ പ്രതി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മരണകാരണം പോലീസ് മർദ്ദനമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ജയിൽ ഡിജിപിയും കോട്ടയം ജില്ലാ പോലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ആന്റണി ഡൊമിനിക്ക് നിർദേശിച്ചു.
കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞ റിമാൻഡ് പ്രതി കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖ്(36) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഷെഫീഖിന്റെ തലയ്ക്ക് പിന്നിലുള്ള മുറിവ് പോലീസ് മർദനത്തിൽ സംഭവിച്ചതാണെന്ന് കുടുംബം ആരോപിക്കുന്നു.