കൊച്ചി: കാണാതായ ജെസ്ന മരിയയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. ജെസ്നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയാണ് പിൻവലിച്ചത്.
സാങ്കേതിക പിഴവുകൾ ഉള്ള ഹർജി തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയതോടെയാണ് ഹർജി പിൻവലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം.ആർ. അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
രണ്ട് വർഷമായി ജെസ്നയെ കാണാതായിട്ടെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ വേണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. 2018 മാർച്ച് 22-നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയയെ കോളജിലേക്ക് പോയവഴിയാണ് കാണാതായത്.
പൊലീസ് മേധാവി, മുൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി, ജെസ്നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുൻ എസ്പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ.ജി. സൈമൺ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയത്.