കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി കൂടുതല്‍ പേരെ ഇരകളാക്കിയെന്ന് സൂചന. കൊടുവള്ളി ഒതയോത്ത് ടി.കെ.ബിജുവിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസിന് ചില സൂചനകള്‍ ലഭിച്ചത്.
സാമ്പത്തിക പ്രയാസം മാറുന്നതിന് പൂജ നടത്തുന്നതുള്‍പ്പെടെ ഇയാള്‍ വന്‍ തട്ടിപ്പുകള്‍ നടത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. പൂജയുടെ പേരിലും മറ്റുമാണ് വന്‍ തുക വിശ്വാസികളില്‍ നിന്ന് ഇയാള്‍ കൈക്കലാക്കിയത്.
മാനഹാനി ഭയന്ന് പലരും പരാതി നല്കാന് മടിക്കുകയാണ്. അതേസമയം ബിജുവിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ദൈവത്തിന്റെ പ്രതിരൂപമെന്ന രീതിയിലായിരുന്നു ഇയാള്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചത്. ദിവ്യശക്തിയുണ്ടെന്നും ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് പിടികൂടിയത്. സാമ്പത്തിക പ്രയാസം മാറുന്നതിന് പൂജ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് കൊയിലാണ്ടി സ്വദേശിയായ യുവതിയുമായി ബിജു അടുപ്പത്തിലാവുന്നത്.
കുടുംബത്തെ ഉപേക്ഷിച്ച യുവതി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇയാള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ടായിരുന്നു.