ചെങ്ങന്നുർ: കുപ്രസിദ്ധ മോഷണക്കേസ് പ്രതി വടിവാൾ വിനീത് പോലീസ് പിടിയിലായി. പോലീസുമായി ഏറ്റുമുട്ടിയ വിനീതിനെ ശ്രമപ്പെട്ടാണ് കീഴ്പ്പെടുത്തിയത്.
വള്ളികുന്നം സ്വദേശി ശ്രീപതിയുടെ വാഹനം കൊല്ലത്തേക്കുള്ള യാത്രയിൽ ചെങ്ങന്നുരിൽ വെച്ച് തട്ടിക്കൊണ്ടുപോയ കേസിലാണ് എടത്വാ സ്വദേശി വിനീത് ( വടിവാൾ വിനീത് ) ഇപ്പോൾ കൊല്ലം പോലീസിന്റെ പിടിയിലായത്.
നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ള ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കത്തി കാട്ടി കാർ തട്ടിയെടുത്തു
വീഡിയോ ഗ്രാഫറായ യുവാവിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 2.30 ന് ചങ്ങനാശേരി മുതൽ വിനീത് ബൈക്കിൽ പിന്തുടർന്നിരുന്നു.
ചെങ്ങന്നൂർ ഐടിഐ ജംഗ്ഷന് സമീപം കാർ തടയുകയും കാര്യം തിരക്കാൻ ഗ്ലാസ് താഴ്ത്തിയപ്പോൾ ബൈക്കിൽ എത്തിയ പ്രതി കത്തി എടുത്ത് കഴുത്തിന് നേരെ വെച്ചതിന് ശേഷം ഡോർതുറന്ന് വാഹനം തട്ടികൊണ്ട് പോവുകയായിരുന്നു.
ശ്രീപതിയെ കടപ്രയ്ക്ക് സമീപത്തുള്ള നിരണത്ത് ഇറക്കിവിട്ടു. കാർ കൊല്ലം ചിന്നക്കടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിന്നീട് പോലീസ് കണ്ടെത്തി.
മോഷണം ഭാര്യയുമായി ചേർന്ന്
പ്രായപൂർത്തിയാകുന്നതിന് മുമ്പ് മോഷണം തുടങ്ങിയതാണ് വിനീത്. ജുവനൈൽ ഹോമിൽ രണ്ട് വർഷത്തോളം ശിക്ഷ അനുഭവിച്ചിട്ടുണ്ട്പുന്നമട സ്വദേശിനി ഷിൻസിയെ വിവാഹം ചെയ്ത ശേഷം ഇരുവരും ചേർന്നായി മോഷണം. ശ്യാം, മിഷേൽ എന്നിവരും ഈ സംഘത്തിലുണ്ട്.
എറണാകുളം മുതൽ കന്യാകുമാരിവരെ നിരവധി കേസുകളുള്ള മോഷണസംഘത്തിൻ്റെ തലവനാണ് വിനീത്. പിടിയിലായപ്പോഴൊക്കെ തടവുചാടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസം അവസാനം പെരുമ്പാവൂർ പോലീസ് പിടികൂടിയിരുന്നു. കസ്റ്റഡിയിൽ കഴിയവെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ നിന്നും വിനീതും മിഷേലും രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം 20 ഓളം കവർച്ചകളാണ് വിവിധ സ്ഥലങ്ങളിൽ നടത്തിയത്. മിഷേലിനെ തിങ്കളാഴ്ച കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.