ഗാന്ധിനഗർ (കോട്ടയം): പോലീസ് കസ്റ്റഡിയിലിരിക്കെ കോട്ടയം മെഡിക്കൽ കോളജിൽ മരിച്ച കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറന്പിൽ ഷെഫീഖി(35)ന്റെ തലയിലെ ആഴ്ത്തിലുള്ള മുറിവ് ഉയർന്ന പ്രതലത്തിൽനിന്ന് വീണ് ഉണ്ടായതാകാമെന്ന് ഫോറൻസിക് വിദ്ഗധർ.
ഇന്നലെ പുറത്തുവന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് വ്യക്തമാക്കിയിരുന്നു.
ഷെഫീഖിന്റെ ഇടതുകണ്ണിന്റെ മേൽ ഭാഗത്ത് (നെറ്റിയിൽ ) ഉണ്ടായ ആഴത്തിലുള്ള മുറിവ് മൂലം തലയ്ക്കകത്ത് രക്തസ്രാവം ഉണ്ടാകുകയും പിന്നീട് രക്തം കട്ട പിടിക്കുകയും ചെയ്തിരുന്നു. ഇതാണ് മരണത്തിനു കാരണമായത്.
എന്നാൽ പഴക്കമില്ലാത്ത ഈ മുറിവ് ഉയർന്ന പ്രതലത്തിൽ നിന്നു വീണുണ്ടായതാകാമെന്നാണ് ഫോറൻസിക് അധികൃതർ പറയുന്നത്.
പോലീസ് അറസ്റ്റ് ചെയ്തു ക്വാറന്റൈനിൽ കഴിഞ്ഞിരുന്നയാൾ എങ്ങനെ ഉയർന്ന പ്രതലത്തിൽ നിന്നും വീണുവെന്ന കാര്യങ്ങൾ വ്യകതമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളൂവെന്നും ഫോറൻസിക് വിദ്ഗധർ പറയുന്നു.
ഷെഫീഖിന്റെ മൃതദേഹം ഇന്നലെ രാത്രി എട്ടരയോടെ കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദിൽ കബറടക്കി. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം രാത്രി ഏഴോടെയാണ് മൃതദേഹം കാഞ്ഞിരപ്പള്ളിയിൽ എത്തിച്ചത്.
ഷഫീഖിനെ അവസാനമായി കാണുന്നതിനായി ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിയാളുകളാണ് തടിച്ചുകൂടിയത്. പതിനഞ്ചു മിനിറ്റോളം മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ചു.
ഷെഫീഖിന്റെ മൃതദേഹവുമായി എത്തിയ ആംബുലൻസ് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ തടഞ്ഞു.
പോലീസുകാർക്കെതിരേ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകർ വാഹനം തടഞ്ഞത്. ഉദയംപേരൂർ പോലീസ് രജിസ്റ്റർ ചെയ്ത സാന്പത്തിക തട്ടിപ്പു കേസിൽ തിങ്കളാഴ്ചയാണ് ഷെഫീഖിനെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ഷെഫീഖിന്റെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടിക്കെത്തിയ എറണാകുളം സബ് കളക്ടർ ഹാരീസ് റഷീദിനെ കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കോട്ടയം മെഡിക്കൽ കോളജിലും തടഞ്ഞിരുന്നു.