മൊറാദാബാദ്: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രികളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്ന തരത്തിലുള്ള പല സംഭവങ്ങളും അടുത്തിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
മൂന്ന് മാസം മുന്പാണ് അധികൃതരുടെ അനാസ്ഥ മൂലം മരിച്ച നവജാതശിശുവിന്റെ മൃതദേഹം വിട്ടുകിട്ടിയപ്പോൾ അതിൽ ഏതോ മൃഗത്തിന്റെ പല്ല് തട്ടി മുറിഞ്ഞ പാട് ബന്ധുക്കൾ കണ്ടെത്തിയതായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
യുപിയിലെ അലിഗഢിലായിരുന്നു ആ സംഭവം നടന്നത്. അതിന് ശേഷം നവംബറിൽ വാഹനാപകടത്തിൽ മരിച്ച ബാലികയുടെ മൃതദേഹം സർക്കാർ ആശുപത്രിക്കകത്ത് വച്ച് പട്ടി കരണ്ടുതിന്നുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
സംഭാലിൽ നിന്നായിരുന്നു ഹൃദയം മുറിപ്പെടുത്തുന്ന ഈ ദൃശ്യം പുറത്തുവന്നിരുന്നത്.
ഇപ്പോഴിതാ വീണ്ടും യുപിയിലെ സർക്കാർ ആശുപത്രികൾ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന ഒരുപിടി ചിത്രങ്ങൾ കൂടി പുറത്തുവന്നിരിക്കുകയാണ്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
മൊറാദാബാദ് ജില്ലാ ആശുപത്രിക്കകത്ത് പട്ടികൾ സ്വൈര്യവിഹാരം നടത്തുന്നതാണ് ചിത്രങ്ങളിലുള്ളത്.
ഇവിടെ ചികിത്സയിലുള്ള രോഗികളും അവരുടെ ബന്ധുക്കളുമെല്ലാം ഈ വിഷയത്തിൽ തങ്ങൾ നേരിടുന്ന വിഷമതകൾ പറഞ്ഞതായും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.ആശുപത്രിയുടെ ഗേറ്റിൽ കാവൽക്കാരുണ്ട്. എന്നാൽ അവർ ഇക്കാര്യങ്ങളൊന്നും ഗൗനിക്കാറില്ല.
പട്ടികൾ നേരെ അകത്തേക്ക് കയറിവരും. ബെഡുകളിലെല്ലാം കിടക്കും. എന്തെല്ലാം തരത്തിലുള്ള രോഗാണുക്കളാണ് ഇതുവഴി രോഗികളിലെത്തുകയെന്നത് നിശ്ചയമില്ല.
പട്ടികൾ തങ്ങളെ ആക്രമിക്കുമോ എന്ന് പോലും ഭയന്നാണ് പലപ്പോഴും രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയിൽ കഴിയുന്നത്- ആശുപത്രിയെക്കുറിച്ച് തങ്ങൾക്ക് ലഭിച്ച പരാതിയായി എഎൻഐ റിപ്പോർട്ടിൽ പറയുന്നു.
പല തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നായിരുന്നു രോഗികൾ പരാതിപ്പെട്ടിരുന്നത്.
എന്തായാലും ചിത്രങ്ങൾ ചർച്ചയായതോടെ ഇപ്പോൾ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചീഫ് മെഡിക്കൽ ഓഫീസർ.