ആലുവ: സാമൂഹ്യമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന വിദേശികൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ അയച്ചുതരാമെന്നു പറഞ്ഞു പണം തട്ടിയെടുക്കുന്നതായി പോലീസ് റിപ്പോർട്ട്.
കേരളത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനായി അതിസമ്പന്നനായ തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധം ആരംഭിക്കുന്നത്. ഇത് തട്ടിപ്പിന് വഴിയൊരുക്കലാണെന്നും ജാഗ്രത വേണമെന്നും ജില്ലാ മേധാവി കെ. കാർത്തിക് മുന്നറിയിപ്പ് നൽകി.
മാന്യമായ പെരുമാറ്റം, ആകർഷകമായ സംസാരരീതി എന്നിവയിലൂടെ നിരന്തരം വീഡിയോ കോൾ ചെയ്ത് ബന്ധം ഉറപ്പിക്കാനുള്ള ശ്രമമാണ് ആദ്യം . തുടർന്നു വലിയവീടും എസ്റ്റേറ്റുകളും ഓൺലൈനിലൂടെ കാണിക്കും.
അടുത്തതു “ഞാനൊരു സമ്മാനമയച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യമാണ്. വാച്ചുകൾ, രത്നമോതിരം, കാമറ, മൊബൈൽ ഫോൺ തുടങ്ങിയവ അടങ്ങുന്ന പായ്ക്കറ്റ് വാങ്ങുന്നതടക്കമുള്ള ചിത്രങ്ങൾ കാണിച്ചിട്ടാണ് ചോദ്യം.
പൂർണമായ മേൽവിലാസം നല്കാനും ആവശ്യപ്പെടും.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡൽഹിയിൽനിന്നു സന്ദേശം എത്തും. നിങ്ങൾക്കു കൊറിയർ വന്നിട്ടുണ്ടെന്നും ജിഎസ്ടി, ഇൻകം ടാക്സ് തുടങ്ങിയവയ്ക്കായി 200 ഡോളർ അടയ്ക്കണമെന്നുമാണു മെസേജ്.
സെൻട്രൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് എന്ന് ട്രൂ കോളറിൽ തെളിയുന്നതോടെ വിശ്വാസം വർധിക്കുകയായി. പണമടച്ചശേഷമാണു തന്റെ പേരിൽ പാർസൽ ഇല്ലെന്നു തിരിച്ചറിയുന്നത്.
അതുവരെ തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരുന്നയാളെക്കുറിച്ചു പിന്നെ യാതൊരു വിവരവുമുണ്ടാകില്ല. ഇത്തരം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ മുൻകരുതലെന്നും എല്ലാ വ്യക്തിപരമായ വിവരങ്ങളും പങ്കുവയ്ക്കരുതെന്നും എസ്പി പറഞ്ഞു.