വാഗമൺ : അടിസ്ഥാന ആവശ്യങ്ങളാണ് വെള്ളവും ശുചിമുറിയും. പക്ഷേ ഇവ രണ്ടും കോട്ടമല എസ്റ്റേറ്റ് നിവാസികളുടെ സ്വപ്നമാണ്.
വാഗമണ്ണിൽ നിന്ന് പത്തു കിലോമീറ്ററോളം അകലെയാണ് അധികൃതരുടെ കണ്ണെത്താത്ത കോട്ടമല എസ്റ്റേറ്റ്.
എംഎംജെ ടീ പ്ലാന്റേഷന്റെ കീഴിലായിരുന്നു എസ്റ്റേറ്റ്. പക്ഷേ ഉടമ ഇവിടം വിട്ടു പോയിട്ട് ഒരു പതിറ്റാണ്ടാകുന്നു. ഇവരുടെ സങ്കടത്തിനും ഇതേ പഴക്കം.
കോട്ടമല എസ്റ്റേറ്റിൽ മൂന്ന് ഡിവിഷനുകളിലായി ഏകദേശം അമ്പതോളം കുടുംബങ്ങളുണ്ട്. സ്ത്രീകളും കുട്ടികളുമാണ് ഇതിൽ ഏറിയ പങ്കും. വെളിയിട വിസർജ്ജന വിമുക്ത ജില്ലയായി 2016 ഒക്ടോബർ 18ന് ഇടുക്കിയെ പ്രഖ്യാപിച്ചിരുന്നു.
ജില്ലയിൽ ആകെയുള്ള 52 പഞ്ചായത്തുകളും വെളിയിട വിസർജ്ജന വിമുക്തമായതായി കണക്കുകൾ പറയുന്നു. പക്ഷേ ജനനം മുതൽ ഇപ്പോഴും ശുചിമുറിയില്ലാതെ ജീവിക്കുന്നവർ ഇവിടെയുണ്ട്. ഉടമ ഉപേക്ഷിച്ച എസ്റ്റേറ്റായതു കൊണ്ട് കമ്പനിയോടും ഇവർക്ക് പരാതിപ്പെടാൻ പറ്റില്ല.
കോട്ടമല റോഡ് ഗതാഗതയോഗ്യമല്ലാത്തതുകൊണ്ട് മിക്ക കുട്ടികളും ഹോസ്റ്റലുകളിൽ നിന്നാണ് പഠിക്കുന്നത്. കോവിഡായതോടെ പലരും ലയങ്ങളിൽ തിരികെ എത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തത് മൂലം ശുചിമുറിയില്ലാത്ത, എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാറായ ലയങ്ങളിൽ താമസിക്കാൻ പെൺകുട്ടികൾ അടക്കമുള്ളവർ നിർബന്ധിതരാകുന്നു.
കഴിഞ്ഞ ആറു വർഷത്തോളമായി വെള്ളത്തിനും ക്ഷാമമാണ്. സമീപമുള്ള അമ്പലത്തിൽ നിന്ന് നാമമാത്രമായ വെള്ളം ഇവർക്ക് കിട്ടുന്നുണ്ട്.
പക്ഷേ രോഗികളായവർക്ക് അത് ചുമന്ന് എത്തിക്കാൻ ബുദ്ധിമുട്ടുണ്ട്. ചിലർ വെള്ളം പണം കൊടുത്ത് വാങ്ങുകയാണ്. വെള്ളത്തിന് എന്തെങ്കിലും മാർഗം ഉണ്ടാക്കാമെങ്കിലും ശുചിമുറിക്ക് എവിടെയും ആശ്രയിക്കാൻ കഴിയുന്നില്ല.
ജോമോൾ ജോസ്