അടൂര്‍: വടക്കടത്തുകാവിലെ കെഎപി മൂന്നാം ബറ്റാലിയനിലെ കാന്റീനില്‍ വന്‍ അഴിമതി നടന്നതായി റിപ്പോര്‍ട്ട് നല്കിയ ബറ്റാലിയന് കമാഡന്റ് ജെ.ജയനാഥിനെതിരെഅച്ചടക്കലംഘനം ചൂണ്ടിക്കാട്ടി അന്വേഷണം.
നിർദേശം നല്കിയതു ചീഫ് സെക്രട്ടറി
സംസ്ഥാന പോലീസ് മേധാവിയുടെ ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ജയനാഥിനെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
സംസ്ഥാന പോലീസ് മേധാവിക്ക് ജയനാഥ് നല്കിയ റിപ്പോര്‍ട്ടില്‍ അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന് കാന്റീനുമായി ബന്ധപ്പെട്ട് 2018-19 കാലഘട്ടത്തില്‍ 42,29,956 രൂപയുടെ ചെലവാകാന്‍ സാധ്യതയില്ലാതിരുന്ന സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതായും ലക്ഷങ്ങളുടെ സാധനങ്ങള്‍ കാണ്മാനില്ലെന്നും പറയുന്നു.
കാന്റീന് സ്റ്റോക്കില്‍ 11,33,777 രൂപയുടെ സാധനങ്ങളാണ് കാണാനില്ലാത്തത്. സ്റ്റോക്കിലെ കണക്കില്‍പ്പെടാത്ത 2, 24,342 രൂപയുടെ സാധനങ്ങള്‍ കണ്ടെത്തി.
പ്രതിവര്‍ഷം 1520 കോടി രൂപയുടെ വില്പന നടത്തുന്ന സംസ്ഥാനത്തെ ചെറിയ കാന്റീനുകളില്‍ ഒന്നാണ് അടൂരിലേത്. ഇവിടെ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് നല്കിയിട്ടുള്ളവരല്ല.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒരു കാന്റീന് ജീവനക്കാരനെ ഒഴിവാക്കിയിരുന്നു. ഇയാള്‍ കാന്റീനില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്യുകയും പ്രതിഫലം പറ്റുകയും ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഒഴിവാക്കിയത്.
പരാതിപ്പെട്ടിട്ടും നടപടിയില്ല
നേരത്തെ ഗോഡൗണില്‍ ക്രമക്കേട് നടന്നതായുള്ള മാനേജരുടെ റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്ത് അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന വിമര്‍ശനവും കത്തില്‍ സൂചിപ്പിക്കുന്നു.
ക്രമക്കേടുകള്‍ സംബന്ധിച്ച് പോലീസിനു പുറത്തുനുള്ള സംഘം അന്വേഷിക്കണമെന്നും എജി പോലുള്ള ഏജന്‍സി ഓഡിറ്റ് നടത്തണമെന്നും റിപോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.
പോലീസുകാരുടെ കുട്ടികള്‍ക്ക് ഇഎംഐ വ്യവസ്ഥയില്‍ ലാപ് ടോപ്പ് വിതരണം ചെയ്യണം, സത്യസന്ധരായ ഉദ്യോഗസ്ഥരെ കാന്റീന് ജോലിയില്‍ നിയമിക്കണം തുടങ്ങിയ 19 ഇന നിര്‍ദ്ദേശത്തോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ജയനാഥ് അച്ചടക്കലംഘനം നടത്തിയതായി ആരോപിച്ച് അന്വേഷണത്തിന് ഉത്തരവുണ്ടായത്. ജയനാഥ് നല്കിയ റിപ്പോര്‍ട്ടിലെ സൂചനകള്‍ സംബന്ധിച്ച് അന്വേഷണമുണ്ടായിട്ടുമില്ല.