മുംബൈ: ടെലിവിഷൻ ചാനലുകളുടെ ടിആർപി (ടെലിവിഷൻ റേറ്റിംഗ് പോയിന്റ്) വിവാദവുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവ്.
റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയും ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗണ്സിൽ മുൻ ചീഫ് എക്സിക്യുട്ടീവ് പാർത്ഥോ ദാസ്ഗുപ്തയും തമ്മിൽ നടത്തിയതെന്നു പറയുന്ന വാട്ട്സ്ആപ്പ് ചാറ്റിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണിത്.
ടെലിവിഷൻ റേറ്റിംഗ് സംബന്ധിച്ച നയങ്ങളിൽ മാറ്റംവരുത്തുന്നതിനുള്ള നിർദേശങ്ങളിൽ ഇടപെടാൻ രാഷ്ട്രീയ നേതാക്കളും, പ്രധാനമന്ത്രിയുടെ ഓഫീസുമായി ലോബിയിംഗ് നടത്തിയെന്ന പരാമർശവും ചാറ്റിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ചയാണ് ഇരുവരും നടത്തിയതെന്നു പറയുന്ന സന്ദേശങ്ങളുടെ വിശദാംശങ്ങൾ പുറത്തായത്. റിപ്പബ്ലിക് ടിവിയും മറ്റ് ഏതാനും ചാനലുകളും ടിആർപിയിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നത്.
സംഭവത്തിൽ കഴിഞ്ഞമാസം 24ന് ദാസ്ഗുപ്തയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാണ്ട് ആയിരം പേജുകളുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങൾ സപ്ലിമെന്ററി ചാർജ് ഷീറ്റിന്റെ ഭാഗമാണെന്ന് സൂചനയുണ്ട്.
എന്നാൽ മുംബൈ ഡിസിപി എസ്. ചൈതന്യ ഇക്കാര്യത്തിൽ പ്രതികരണത്തിനു തയാറായില്ല. ഉന്നത രാഷ്ട്രീയ രഹസ്യങ്ങൾ, സൈനിക നീക്കങ്ങൾ, സിനിമാ താരങ്ങളുടെ സ്വകാര്യ വിഷയങ്ങൾ എന്നിവ സന്ദേശങ്ങളിൽ പരാമർശിക്കുന്നുണ്ട്.
2019 ഓഗസ്റ്റിൽ നടത്തിയ ചാറ്റിൽ ഗോസ്വാമി തനിക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും ഉള്ള ബന്ധത്തെക്കുറിച്ചു പറയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആർട്ടിക്കിൾ 370, ജമ്മു കാഷ്മീർ എന്നിവയുമായി ബന്ധപ്പെട്ട വാർത്തകൾ ചാനലിൽ ബ്രേക്ക് ചെയ്തതു സംബന്ധിച്ച് എൻഎസ്എ തന്നെ വിളിച്ചിരുന്നതായി ഗോസ്വാമി പറയുന്നു.
എൻഎസ്എയിലും പിഎംഒയിലും ഉള്ള എല്ലാവരും തന്റെ പ്രസ്ഥാനവുമായി വളരെയടുത്ത ബന്ധമുള്ളവരാണെന്നും അർണാബ് പറയുന്നുണ്ട്.
ബിഎആർസിയിലെ ജോലി മടുത്തതിനാൽ തനിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ മാധ്യമ ഉപദേഷ്ടാവായി തസ്തിക ഒപ്പിക്കാനാകുമോ എന്ന് മറ്റൊരു ദിവസം ദാസ്ഗുപ്ത ഗോസ്വാമിയോടു ചോദിക്കുകയും ചെയ്യുന്നു.
ബാലാക്കോട്ട് മിന്നലാക്രമണത്തിന്റെ സൂചന നൽകുന്ന രീതിയിലും സന്ദേശങ്ങളുണ്ട്. സൈനിക നീക്കങ്ങൾ ഉൾപ്പെടെ അതീവ രഹസ്യമായ തന്ത്രപ്രധാന വിവരങ്ങൾ ഗോസ്വാമിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് ആരോപിച്ച് കോണ്ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
ഗോസ്വാമിക്ക് ഈ വിവരം എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കാൻ പ്രധാനമന്ത്രിയും അന്നത്തെ പ്രതിരോധ മന്ത്രിയും തയാറാകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
കങ്കണയ്ക്ക് ആസക്തി!
ചാറ്റിൽ നടി കങ്കണ റണൗട്ടിനെക്കുറിച്ചും പരാമർശങ്ങളുണ്ട്. ഹൃത്വിക് റോഷൻ- കങ്കണ റണൗട്ട് വിവാദത്തെക്കുറിച്ചാണ് മോശം പരാമർശം നടത്തിയിട്ടുള്ളത്.
നടിക്ക് ഇറോട്ടോമാനിയ ഉണ്ടെന്ന് ഗോസ്വാമി പറയുന്നു. ഇവർക്ക് ഹൃത്വിക്കിനോട് ലൈംഗികമായ ആസക്തിയാണ്. കങ്കണ എല്ലാ പരിധിയും കടക്കുന്നു.
കങ്കണയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തെ തുടർന്ന് ചാനലിൽ ഹൃത്വിക്കുമായി അഭിമുഖം നടത്തിയതിനു പിന്നാലെയുള്ള ചാറ്റിലാണ് ഈ പരാമർശങ്ങൾ. ഇതേക്കുറിച്ച് നടിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.