മരട് (കൊച്ചി): വൈറ്റില തൈക്കൂടത്ത് ഒന്‍പതു വയസുകാരനോടു കൊടുംക്രൂരത. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിവരാന്‍ വൈകിയെന്ന കാരണത്താൽ കുട്ടിയുടെ കാലില്‍ തേപ്പുപെട്ടിയും ചട്ടുകവും വച്ചു പൊള്ളിച്ചു.
സംഭവത്തില്‍ കുട്ടിയുടെ സഹോദരിയുടെ സുഹൃത്ത് അങ്കമാലി സ്വദേശി പ്രിന്‍സിനെ (19) മരട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പരാതിയിലാണു കേസെടുത്തിരിക്കുന്നത്.
കടയിൽനിന്നെത്താൻ വൈകുകയും സാധനം വാങ്ങാൻ നല്കിയ പണം നഷ്ടമാക്കുകയും ചെയ്തതാണു പ്രതിയെ പ്രകോപിപ്പിച്ചതെന്നു പറയുന്നു.
കുട്ടിയുടെ രണ്ടു കാലുകളിലും ചട്ടുകംവച്ചു പൊള്ളിക്കുകയും കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു ചുമരിൽ ചേർത്തുനിർത്തുകയുംചെയ്തു. കുട്ടിയുടെ അമ്മ ഇടപെട്ടിട്ടും പ്രതി പിൻവാങ്ങിയില്ല.
പിന്നീടു തേപ്പുപെട്ടികൊണ്ടും കാലുകളിൽ പൊള്ളലേൽപ്പിച്ചെന്നു കുട്ടി പറഞ്ഞു. ഇതിനുമുമ്പും ഇയാൾ ഉപദ്രവിച്ചിരുന്നതായി കുട്ടിയും നാട്ടുകാരും വെളിപ്പെടുത്തി.
ദിവസങ്ങൾക്കു മുമ്പുനടന്ന സംഭവം സമീപവാസികൾ ഇടപെട്ടതോടെയാണു പുറംലോകമറിഞ്ഞത്. പൊള്ളലേറ്റ കുട്ടിയുടെ ചിത്രം സമീപവാസിയായ ഒരു സ്ത്രീ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു.
സ്ഥലം കൗണ്‍സിലർ വിവരമറിയിച്ചതിനെത്തുടർന്നു പോലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
പരിശോധനയിൽ കാല്‍മുട്ടിലും പാദത്തിനടിയിലും കാണപ്പെട്ട വൃണങ്ങൾ പൊള്ളലേറ്റ പാടുകളാണെന്നു വ്യക്തമായി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.