എം.സുരേഷ്ബാബു
തിരുവനന്തപുരം: സംസ്ഥാന ഫയർഫോഴ്സിലും ഇനിമുതൽ ഇന്റലിജൻസ്, വിജിലൻസ് ടീം രൂപീകരിക്കാൻ തീരുമാനം. ഫയർഫോഴ്സ് മേധാവി എഡിജിപി ഡോ.ബി.സന്ധ്യയാണ് ഫയർഫോഴ്സിൽ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.
മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് പുതിയ പരിഷ്കാര നടപടികളുമായി ഫയർഫോഴ്സ് മേധാവി മുന്നോട്ട് പോകുന്നത്.
ഫയർഫോഴ്സിന്റെ ചരിത്രത്തിൽ പുതിയ പരിഷ്കാരം ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഫയർഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.
കെട്ടിട നിർമ്മാണത്തിന് ് ഫയർഫോഴ്സിന്റെ എൻഒസി ലഭിക്കുന്നതിനായി വ്യാപകമായി കോഴ കൈപ്പറ്റുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരം.
അപേക്ഷകൾ വൈകിപ്പിച്ച് അപേക്ഷകരിൽ നിന്നും ചില ഉദ്യോഗസ്ഥർ കോഴ വാങ്ങാറുണ്ടെന്ന വിവരങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് ഫയർഫോഴ്സിന്റെ എൻഒസി സംവിധാനം സുതാര്യമാക്കാനും തീരുമാനിച്ചിരിക്കുന്നത്.
ഇനി മുതൽ കെട്ടിട നിർമ്മാണ എൻഒസി ലഭിക്കാൻ ഓണ്ലൈനിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഫയർഫോഴ്സ് മേധാവി എഡിജിപി. ഡോ. ബി. സന്ധ്യ രാഷ്ട്രദീപികയോട് പറഞ്ഞു.
പുതിയ പരിഷ്കാരങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനം നൽകാനുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ തീ പിടിത്ത സാധ്യതയുള്ള കെട്ടിടങ്ങളുടെ പൂർണ്ണ വിവരങ്ങൾ ഫയർഫോഴ്സിലെ ഇന്റലിജൻസ് വിഭാഗം ശേഖരിച്ച്് ഫയർഫോഴ്സ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും.
തുടർന്ന് തീ പിടിത്തമുണ്ടാകാതിരിക്കാനും രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കാനും വേണ്ട മുൻ കരുതലുകൾ സ്വീകരിക്കാനുമാണ് പുതിയ തീരുമാനം.
ഫയർഫോഴ്സിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അഴിമതി ഉണ്ടായാൽ അവ കണ്ടെത്താനും അത്തരം ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിനുമാണ് വിജിലൻസ് ടീം രൂപീകരിക്കുന്നത്.
ജില്ലാ തലവത്തിലാണ് ആദ്യഘട്ടത്തിൽ വിജിലൻസ് ടീം രൂപീകരിക്കാൻ ഉദ്യേശിക്കുന്നത്.
ഫയർഫോഴ്സിലെ നിലവിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് ഇന്റലിജൻസ്, വിജിലൻസ് ടീമിൽ ഉൾപ്പെടുത്തുന്നത്.