ന്യൂഡൽഹി: ചാനൽ റേറ്റിംഗിൽ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസ് തീർപ്പാകുന്നതുവരെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ റിപ്പബ്ലിക് ടിവിയുടെ അംഗത്വം റദ്ദാക്കണമെന്ന് നാഷണൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ.
അന്തിമവിധി വരുന്നതുവരെ ബാർക് റേറ്റിംഗ് സംവിധാനത്തിൽനിന്ന് റിപ്പബ്ലിക്കിനെ ഒഴിവാക്കണമെന്നാണ് ആവശ്യം.
റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും ബാർക്കിന്റെ മുൻ ചീഫ് എക്സിക്യുട്ടീവ് പാർത്ഥോ ദാസ്ഗുപ്തയും തമ്മിൽ നടന്നതെന്നു പറയുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ ഞെട്ടിക്കുന്നതായും എൻബിഎ പറഞ്ഞു.
റേറ്റിംഗിൽ കൃത്രിമം കാട്ടുന്നതിന് ഇരുകൂട്ടരും ഗൂഢാലോചന നടത്തിയതായി വ്യക്തമാണെന്ന് ഇതിൽനിന്നു തെളിഞ്ഞു.
റേറ്റിംഗിലെ തട്ടിപ്പുകളെക്കുറിച്ച് വർഷങ്ങളായി എൻബിഎ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഇതെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം പാക്ക് അധീന കാഷ്മീരിലെ ബാലാക്കോട്ടിൽ 2019 ഫെബ്രുവരിയിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് അർണബ് ഗോസ്വാമി മുൻകൂട്ടി അറിഞ്ഞുവെന്ന ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു. ചോർന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ച് അർണബ് സൂചിപ്പിക്കുന്നുണ്ട്.
വലിയൊരു സംഭവം നടക്കാൻ പോകുന്നു എന്നാണ് ആക്രമണത്തിനു മൂന്നു ദിവസം മുന്പു നടന്ന ചാറ്റിൽ ബാലാക്കോട്ടിനെക്കുറിച്ച് അർണബ് പറയുന്നത്.
ഇന്ത്യക്കാർക്ക് സന്തോഷമുണ്ടാകുന്ന രീതിയിൽ പാക്കിസ്ഥാനെതിരേ ആക്രമണമുണ്ടാകുമെന്നും, “വലിയ ആൾ’ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും അർണബ് പറയുന്നുണ്ട്. അർണബിനെതിരേ നിയമനടപടി കടുപ്പിക്കാൻ മഹാരാഷ്ട്ര സർക്കാരും മുന്നിട്ടിറങ്ങുകയാണ്.