സിനിമാ ശാലകളിൽ സെക്കൻഡ് ഷോ വേണം; ബാറുകൾ രാത്രി 11 വരെ ആകാമെങ്കിൽ സിനിമാ തീയറ്ററുകളും രാത്രിയിൽ വേണമെന്ന്
വൈപ്പിൻ: ബാറുകളിൽ രാത്രി 11 വരെ മദ്യ വിതരണമാകാമെങ്കിൽ എന്തുകൊണ്ട് സിനിമാ തിയറ്ററിൽ സെക്കൻഡ് ഷോ പാടില്ലെന്ന് സർക്കാർ ശഠിക്കുന്നു. ചോദിക്കുന്നത് സിനിമാ പ്രേക്ഷകരാണ്.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 13 മുതൽ കേരളത്തിലെ തീയറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിച്ചെങ്കിലും രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതുവരെ പ്രവർത്തനം പാടുള്ളുവെന്ന നിഷ്കർഷയുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി മൂന്ന് പ്രദർശനമെ ഇപ്പോൾ ഉള്ളു.
ഇതാകട്ടെ ഒന്നിടവിട്ട സീറ്റുകളിലായി 50 ശതമാനം പ്രേക്ഷകരെ മാത്രമാണ് കയറ്റുന്നത്. പകലെല്ലാം ജോലികഴിഞ്ഞെത്തുന്നവർ പലരും സെക്കന്റ് ഷോ കാണാനാണ് എത്താറ്.
എന്നാൽ സെക്കൻഷോ ഇല്ലാതെ വന്നതോടെ ഇത്തരമാളുകൾ നിരാശരാണ്. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമാ തീയറ്ററുകൾക്ക് പിടിച്ചുനിൽക്കണമെങ്കിൽ സെക്കന്റ് ഷോ വേണമെന്ന അഭിപ്രായമാണ് ഉടമകൾക്കും ഉള്ളത്.
അവധി ദിവസമല്ലാതുള്ള ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്നത് സെക്കന്റ് ഷോയിലാണ്. മാത്രമല്ല സെക്കന്റ് ഷോ ഇല്ലാത്ത സാഹചര്യത്തിൽ വൻ ചിത്രങ്ങൾ റിലീസ് ചെയ്യാനും നിർമ്മാതാക്കളും വിതരക്കാരും മടികാണിക്കുന്നുണ്ട്.
മറ്റെല്ലാ മേഖലകളിലും വൻ ഇളവുകൾ നൽകിയിട്ടുള്ള സാഹചര്യത്തിൽ സെക്കൻഷോയ്ക്കു സർക്കാർ അനുമതി നൽകണമെന്നാണ് ഭൂരിപക്ഷം സിനിമാ പ്രേക്ഷകരുടെയും ആവശ്യം.