കോഴിക്കോട്: വായ്പയെടുക്കാനായി ബാങ്കില്‍ നല്കിയ ആധാരം ഉപയോഗിച്ച് ബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗവും മാനേജരും കമക്കേട് നടത്തിയതായി പരാതി.
കോഴിക്കോട് നഗരത്തിലെ സഹകരണ ബാങ്കിലെ മുന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗം സുബില്‍, മുന്‍ മാനേജര്‍ ശ്രീജിത്ത്, സുബിലിന്റെ അമ്മ പ്രഭസുന്ദര്ദാസ് എന്നിവര്‍ക്കെതിരേയാണ് കോടഞ്ചേരി സ്വദേശി പരാതി നല്‍കിയത്. പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പണയം വച്ച വസ്തുവിന്മേല് അപേക്ഷകന് അറിയാതെയാണ് തട്ടിപ്പ് നടത്തുന്നതെന്ന് കസബ പോലീസ് പറഞ്ഞു. വായ്പാ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന് തട്ടിപ്പിനെക്കുറിച്ച് അറിയാനായത്.
മറ്റൊരാള്‍ക്ക് ഇതേ ആധാരം ഉപയോഗിച്ച് ബാങ്ക് ജീവനക്കാരനും മുന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗവും വായ്പ നല്‍കിയതായാണ് കണ്ടെത്തിയത്.
എന്നാല്‍ വായ്പയെടുത്തയാള്‍ക്ക് തിരിച്ചടക്കാന്‍ സാധിച്ചില്ല. ഇതോടെ ആധാരം തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ഈ വായ്പയെടുത്തത് സുബിലിന്റെ ആവശ്യത്തിനാണെന്നും സൂചനയുള്ളതായി പോലീസ് അറിയിച്ചു.
ഇതിന് പുറമേ ജീവനക്കാര്‍ വായ്പാ സഖ്യയിലും തിരിമറി നടത്തിയിരുന്നു. 10 ലക്ഷം രൂപ അപേക്ഷകന് വായ്പയെടുത്തപ്പോള്‍ ഡയറക്ടര്‍ബോര്‍ഡ് അംഗം രേഖകളില്‍ തിരിമറി നടത്തി 50 ലക്ഷം വായ്പയെടുത്തു.
40 ലക്ഷവും ഇയാള്‍ സ്വന്തം ആവശ്യത്തിന് അപേക്ഷകന് അറിയാതെയാണ് സ്വന്തമാക്കിയത്. അപേക്ഷകന് 10 ലക്ഷം തിരിച്ചടയ്ക്കുമ്പോള്‍ 40 ലക്ഷവും പലിശയും അടച്ചതായും കസബ പോലീസ് അറിയിച്ചു.
പരാതിയില്‍ പറയുന്നത് :
2015 ല്‍ വീടിന്റെ നിര്‍മാണത്തിനായി 10 ലക്ഷം രൂപ വായ്പ ആവശ്യമായി വന്നു. തുടര്‍ന്ന് സുഹൃത്ത് വഴി സുബിലിനെ പരിചയപ്പെട്ടു. സഹകരണ ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണെന്നും ബാങ്കില്‍ നിന്ന് പലിശ കുറവില്‍ വായ്പാ സ്കീമുകളുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
വസ്തുവഹകളുടെ പ്രമാണം ബാങ്കില്‍ ചെന്ന് സുബിലിനെ ഏല്‍പ്പിക്കുകയും വായ്പ സംബന്ധിച്ച് ആവശ്യപ്പെട്ട രേഖകളില്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തു. തുടര്‍ന്ന് 2015 മാര്‍ച്ച് 20 ന് വായ്പാ തുകയായ പത്ത്ലക്ഷം രൂപ പണമായി നല്‍കുകയും ചെയ്തു.
പിന്നീട് വായ്പ പുതുക്കണമെന്ന് 2017 ല്‍ സുബില്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. 5,00,000 ലക്ഷം രൂപയും പലിശയും കൂടി സുബിലിന് ബാങ്കില്‍ വച്ച് കൈമാറി. പിന്നീട് 2018 ല്‍ അവശേഷിക്കുന്ന മുഴുവന്‍ വായ്പാസഖ്യയും തീരിച്ചടച്ചു.
എന്നാല്‍ ആധാരം തിരികെ ലഭിച്ചില്ല. ഇക്കാര്യം ആവശ്യപ്പെട്ട് സുബിലിനെ ബാങ്കില്‍ ചെന്ന് കണ്ടെങ്കിലും കുറച്ച് കാലതാമസമുണ്ടെന്ന് പറഞ്ഞ് തിരിച്ചയച്ചു.
പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബാങ്കിലെ മറ്റ് അധികൃതരോട് അന്വേഷിച്ചപ്പോള്‍ വസ്തു മറ്റൊരു വായ്പയിലേക്ക് ഈടാക്കി വച്ചിട്ടുണ്ടെന്നും ഈ വായ്പ തിരിച്ചടക്കാതെ ആധാരം തിരികെ നല്കാന് സാധ്യമല്ലെന്നും അറിയിച്ചു.
യഥാര്‍ഥത്തില്‍ 2015 ല്‍ 10 ലക്ഷം രൂപ വായ്പ എടുത്തതല്ലാതെ വേറെ വായ്പ എടുക്കുകയോ മറ്റാരുടേയെങ്കിലും വായ്പയ്ക്ക് ജാമ്യം നില്‍ക്കുകയോ ചെയ്തിട്ടില്ല.
എന്നാല്‍ സുബിലും മറ്റുള്ളവരും ഗൂഢാലോചന നടത്തി ചതിച്ചും വഞ്ചിച്ചും ആധാരം ദുരുപയോഗം ചെയ്ത് ബാങ്കില്‍ നിന്നും വായ്പ പാസാക്കി വന്‍ തുക കൈക്കലാക്കുകയുമായിരുന്നു.
സുബില്‍ വായ്പയെടുത്ത തുക അമ്മയുടെ അക്കൗണ്ടിലേക്കാണ് തിരിമറി നടത്തിയത്. വായ്പാ തിരിച്ചതിന് ശേഷം ആധാരം ആവശ്യപ്പെട്ടിട്ടും തിരിച്ചു നല്‍കാത്തത് നിയമവിരുദ്ധവും പ്രതികളെ സഹായിക്കാനുമാണ്.
സമാനമായ രീതില്‍ ധാരാളം ആളുകളെ വഞ്ചിച്ചതായാണ് വിവരം ലഭിച്ചത്. തട്ടിപ്പ് കണ്ടെത്തിയ ബാങ്ക് മാനേജ്മെന്റ് ഇവരെ തത്സഥാനങ്ങളില് നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്നും പരാതിക്കാരന് കസബ പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കി.