കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്പറ്റ സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടുമായി കോണ്‍ഗ്രസ്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും യുഡിഎഫിന്റെ സുരക്ഷിത മണ്ഡലമായാണിപ്പോള് കല്‍പ്പറ്റയെ കോണ്‍ഗ്രസ് കാണുന്നത്.
എംപിയായ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യവും ഇത്തവണ കല്പറ്റ സീറ്റിലെ വിജയസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് നിശ്ചയിച്ച കെപിസിസി പ്രസിഡന്റിനെ കല്‍പ്പറ്റയില്‍ തന്നെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ പൊതു ആവശ്യം.
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായാണ് ഇതിനായി രംഗത്തുള്ളത്. മുസ്ലീം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.
അതിനാല്‍ കല്‍പ്പറ്റ സീറ്റില്‍ യാതൊരു വിട്ടുവിഴ്ചയും വേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം മത്സരിക്കുന്ന കാര്യത്തെ കുറിച്ചും സീറ്റിനെ കുറിച്ചും പ്രതികരിക്കാന്‍ മുല്ലപ്പള്ളി തയാറായിട്ടില്ല.
സമുദായ സമവാക്യം
ഏഴ് തവണ ലോക്സഭാ അംഗവും രണ്ടു തവണ കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി ഇതുവരേയും നിയമസഭാംഗമായിട്ടില്ല. ഇത്തവണയും അദ്ദേഹം മത്സരിക്കുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല.
എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈഴവര്‍ക്ക് പ്രാതിനിധ്യം നല്‍കിയില്ലെന്ന വിവാദം ശക്തമായിരുന്നു. യുഡിഎഫില്‍ സമുദായ സമവാക്യം പാലിക്കാന്‍ ബാധ്യതയുള്ള പാര്‍ട്ടിയായിട്ടും കോണ്‍ഗ്രസ് ഇതിന് തയാറാവാത്തത് ഏറെ ചര്‍ച്ചയായിരുന്നു.
ഈ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയെ മത്സരിപ്പിക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുല്ലപ്പള്ളി ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
ഭരണമാറ്റം മുന്നില്‍ കണ്ടുകൊണ്ട് കെപിസിസി അധ്യക്ഷ സ്ഥാനത്തില്‍ നിന്ന് മുല്ലപ്പള്ളിയെ നീക്കാനും ചിലര്‍ രംഗത്തുണ്ടായിരുന്നു. മന്ത്രി പദവിയേക്കാള്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ആഗ്രഹിച്ചവര്‍ക്ക് അപ്രതീക്ഷിതമായുള്ള ഹൈക്കമാന്‍ഡ് തീരുമാനം അനുകൂലമായി. ഇതോടെ ഗ്രൂപ്പ് മറന്ന് മുല്ലപ്പള്ളിക്കുവേണ്ടി ഇവര്‍ രംഗത്തെത്തുമെന്നും ഉറപ്പായി.
ലീഗിനെതിരേ അതൃപ്തി
അതേസമയം കല്‍പ്പറ്റ സീറ്റില്‍ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി പരസ്യമായി രംഗത്തെത്തയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കല്‍പ്പറ്റ സീറ്റുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ പരസ്യമായി രംഗത്തു വന്നതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്.
യുഡിഎഫ് തെരഞ്ഞെടുപ്പ് സ്റ്റിയറിംഗ് കമ്മിയില്‍ സീറ്റ് വിഭജനത്തില്‍ പരസ്യപ്രതികരണം പാടില്ലെന്ന് നേതാക്കള്‍ക്കും ഭാരവാഹികള്‍ക്കും വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു. ഇത് വകവയ്ക്കാതെയാണ് മുല്ലപ്പള്ളിയെ അംഗീകരിക്കാനാകില്ലെന്ന് വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പരസ്യമായി പ്രതികരിച്ചത്.
ഹൈക്കമാന്‍ഡ് തീരുമാനമായതിനാലും മത്സരിക്കുന്നത് കെപിസിസി പ്രസിഡന്റായതിനാല്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ കല്പ്പറ്റയ്ക്ക് വേണ്ടി ലീഗ് നിലപാട് മാറ്റുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.
ഹൈക്കമാന്‍ഡ് പറഞ്ഞത് പാര്‍ട്ടിയെ നയിക്കാന്‍:മുല്ലപ്പള്ളി
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ ഒരു ചര്‍ച്ചയും ഡല്‍ഹിയില്‍ നടന്നിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. ഇപ്പോള്‍ പാര്‍ട്ടിയെ നയിച്ചുകൊണ്ടുപോവാന് മാത്രമാണ് എന്നോട് ഹൈക്കമാന്‍ഡ് പറഞ്ഞത്. അത് ചെയ്യും.
പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി ഇന്നുവരെ ഞാന്‍ പോയിട്ടില്ല. എത്രയോ വര്‍ഷമായി അങ്ങനെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇനിയും ഇതേ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം രാഷ്ട്ര ദീപികയോട് പറഞ്ഞു