പയ്യന്നൂർ:മലയാള സിനിമയില്‍ വൈകിയെത്തിയ വസന്തം ഇനി ജനഹൃദയങ്ങളിലെ ഓര്മ പൂവ്. കുടുംബ ബന്ധങ്ങളുടെ അവിഭാജ്യഘടകവും പഴയകാല സംസ്കൃതിയിലെ മുത്തച്ഛനെന്ന മലയാളികളുടെ ഭാവനയെ അഭ്രപാളികളില്‍ അനശ്വരമാക്കി ജനഹൃദയങ്ങള്‍ കീഴടക്കിയ മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി(98)യാണ് ഓര്‍മയായത്.
ഇന്നു രാവിലെ പതിനൊന്നോടെ കോറോത്തെ പുല്ലേരി വദ്ധ്യാരില്ലം തറവാട്ട് ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നും സംസ്കാരം.
ഒരു നൂറ്റാണ്ടിന്റെ നിറവിലേക്കെത്തുമ്പോഴും പെരുമാറ്റത്തിലും സംസാരത്തിലും കുട്ടിത്വം കൈവിടാത്ത ഗ്രാമീണതയുടെ പ്രതീകമായിരുന്നു ഉണ്ണികൃഷ്ണന് നമ്പൂതിരി.
ഇദ്ദേഹത്തിന്റെ വേര്‍പാടറിഞ്ഞ് പയ്യന്നൂരിലെ ആശുപത്രിയിലും കോറോത്തെ പുല്ലേരി വാദ്ധ്യാരില്ലത്തും ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട നിരവധിയാളുകളാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്.
മന്ത്രിമാരും നേതാക്കന്മാരും കുടുംബാംഗങ്ങളെ വിളിച്ച് അനുശോചനമറിയിച്ചു. നടന്മാരായ മമ്മൂട്ടി,മോഹന്‍ലാൽ, ജയറാം, മനോജ് കെ.ജയന് സംവിധായകന് ജയരാജ് തുടങ്ങിയവര്‍ അനുശോചിച്ചു. കേരള ഹൈക്കോടതി,ജില്ലയിലെ മറ്റു കോടതികള്‍ എന്നിവയ്ക്ക് വേണ്ടി വിവിധ ജഡ്ജിമാര്‍ ചേര്‍ന്ന് റീത്ത് വെച്ചു.
ദേശാടനമെന്ന ജയരാജ് സിനിമയിലെ മുത്തച്ഛനായി തിളങ്ങിയായിരുന്നു സിനിമാ ലോകത്തെ പ്രവേശനം. മലയാളികളുടെ മനസിലുറങ്ങിക്കിടക്കുന്ന മുത്തച്ചനെന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന സങ്കല്പത്തെ അതിന്റെ വാചാലതയിലും ലാളിത്യത്തിലും പൂര്‍ണതയിലും അവതരിപ്പിച്ചാണ് ഇദ്ദേഹം മലയാളി മനസില്‍ ചേക്കേറിയത് .
ജീവിതസായാഹ്നത്തില്‍ ലഭിച്ച സൗഭാഗ്യത്തില്‍ വിവിധ വേഷങ്ങള്‍ പകര്‍ന്നാടി മലയാളി മനസില്‍ കയറിക്കൂടിയ ഇദ്ദേഹം ഇനി ഓര്‍മകളിൽ ജീവിക്കും.
കളിയാട്ടം,കല്യാണരാമന്,സദാനന്ദന്റെ സമയം, മായാമോഹിനി, രാപ്പകല്‍, മധുര നൊമ്പരക്കാറ്റ്, അങ്ങനെ അരവധിക്കാലത്ത്, പോക്കിരി രാജ, കൈക്കുടന്ന നിലാവ്, മേഘമല്‍ഹാര്‍, ചന്ദ്രമുഖി, പമ്മല്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങി മലയാളത്തിലും തമിഴിലുമായി ഇരുപത്തി രണ്ടോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
ഇതില്‍ കല്യാണരാമനിലെ വേഷമാണ് എറ്റവും കൂടുതലായി ശ്രദ്ധിക്കപെട്ടത്.സുബ്ബലക്ഷ്മിയും ഉണ്ണികൃഷ്ണന് നമ്പൂതിരിയും താരജോഡികളായി ഈ സിനിമയിലെ രംഗംങ്ങള്‍ അവിസ്മരണീയമാക്കി.
പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂളിലെ പഠനകാലത്ത് കെ.വി.നാരായണന് മാസ്റ്ററുടെ ശിക്ഷണത്തില്‍ നാടകങ്ങളില്‍ പെണ്‍വേഷമുള്‍പ്പെടെ കെട്ടിയാടിയതിന്റെ പിൻബലത്തിലാണ് സിനിമയിലെത്തിയത്.
പക്വതയോടെയും അതിഭാവുകത്വമില്ലാതേയും സിനിമയില്‍ ഇദ്ദേഹം പകര്‍ന്നാടിയ വേഷങ്ങള്‍ കേരളീയ സങ്കല്പ്പങ്ങളിലെ മുത്തച്ഛന്മാരുമായി താദാത്മ്യമുള്ളവയായിമാറി.അതിനാലാണ് ഒരുപാട് മുത്തച്ചന്മാര് അഭ്രപാളികളില്‍ വന്നുപോയിട്ടും മലയാള സിനിമാ ലോകം ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ കഥാപാത്രങ്ങളെ നെഞ്ചേറ്റിയത്.
തെന്നിന്ത്യന്‍ സിനിമയിലെ അതികായരായ മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ്ഗോപി,ജയറാം,രജനീകാന്ത്,കമലഹാസന് എന്നിവരുമായി ഇഴപിരിയാത്ത ബന്ധവും ഇദ്ദേഹം സൂക്ഷിച്ചിരുന്നു.
കോറോത്തെ പുല്ലേരി നാരായണ വാദ്ധ്യാരുടേയും ദേവകി അന്തര്ജനത്തിന്റേും മകനായി ജനിച്ച ഉണ്ണികൃഷ്ണന് നമ്പൂതിരി ഉപനയനത്തിന് മുന്നോടിയായി ബ്രഹ്മചര്യം അനുഷ്ടിക്കേണ്ട സമാവര്‍ത്തന കാലഘട്ടത്തില്‍തന്നെ വേദമന്ത്രങ്ങള്‍ ഹൃദ്വിസ്ഥമാക്കിയിരുന്നു.
പ്രസിദ്ധമായ വരരുചിമംഗലം ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്താന്‍ തന്ത്രിയായതും ഇദ്ദേഹമാണ്. ദീര്‍ഘനാളത്തെ ഒളിവു ജീവിതം രോഗാതുരനാക്കിയ എ.കെ.ഗോപാലന് പത്തായ പുരയില്‍ അഭയം കൊടുത്തതാണ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുമായുള്ള ആത്മബന്ധത്തിന് വഴിവെച്ചത്.
ഉപ്പുസത്യാഗ്രഹം,ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയ്ക്ക് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് കമ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതും പുല്ലേരി ഇല്ലത്തിന്റെ പത്തായപുരയിലാണ്.
എകെജിയെ കൂടാതെ എ.വി.കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, ഇഎംഎസ്, സി.എച്ച്.കണാരന്,വയലാര്‍,കേരളീയന് തുടങ്ങിയ നേതാക്കള്‍ ഈ ഇല്ലത്ത് പല ഘട്ടങ്ങളിലായി താമസിച്ചിരുന്നു.പുല്ലേരി ഇല്ലവുമായുള്ള ആത്മബന്ധത്തിന്റെ കഥ പല നേതാക്കളും പിന്നീട് പലവട്ടം പറഞ്ഞിട്ടുമുണ്ട്.
ണ്‍ഗ്രസ് പാരമ്പര്യമുള്ള ജന്മി കുടുംബത്തില്‍നിന്നും വേദ മന്ത്രങ്ങള്‍ മനപാഠമാക്കിയ ഉണ്ണികൃഷ്ണന് നമ്പൂതിരിയെ കമ്മ്യൂണിസ്റ്റ് പുരോഗമന ആശയക്കാരനാക്കി മാറ്റിയത്.
അവസാന നിമിഷംവരെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളുമായുള്ള അടുപ്പത്തിന് ഒട്ടും മങ്ങലേല്ക്കാതെ ഉണ്ണികൃഷ്ണന് നമ്പൂതിരി സൂക്ഷിക്കുന്നുണ്ടായിരുന്നു