വാഷിംഗ്ടണ് ഡിസി: അധികാരമേറ്റതിനു തൊട്ടുപിന്നാലെ ട്രംപിന്റെ നയങ്ങൾക്ക് പ്രസിഡന്റ് ജോ ബൈഡന്റെ തിരുത്തൽ. പാരീസ് ഉടന്പടിയിൽ വീണ്ടും ചേരുന്നതടക്കമുള്ള 15 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ബൈഡന്റെ ഒപ്പ് പതിയുന്നു.
ട്രംപ് ഭരണകൂടത്തിന്റെ തെറ്റായ തീരുമാനങ്ങൾ തിരുത്തുന്നതിനൊപ്പം രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനും ലോകത്തിനു പ്രതീക്ഷ നൽകുന്നതിനും സഹായിക്കുന്ന നടപടികളിലേക്കാണ് ബൈഡൻ കടക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
രണ്ടു മേഖലകളിൽ മാറ്റങ്ങൾക്ക് ഏജൻസികളോട് ആവശ്യപ്പെടുന്നതടക്കം ചരിത്രപരമായ നടപടികളിലേക്കാണ് ബൈഡൻ ആദ്യദിനത്തിൽ ശ്രദ്ധവച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. അതിൽ ഏറെ പ്രധാനം കുടിയേറ്റവുമായി ബന്ധപ്പെട്ട സമഗ്രമായ ബില്ലാണ്.
അനധികൃത കുടിയേറ്റക്കാർക്ക് എട്ടു വർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാൻ സാവകാശം നൽകുന്നതാണ് ഈ ബിൽ. തൊഴിലുമായി ബന്ധപ്പെട്ട ഗ്രീൻ കാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലിൽ ഉണ്ട്. പതിനായിരക്കണക്കിനു വരുന്ന ഇന്ത്യക്കാരായ ഐടി ജീവനക്കാർക്ക് ഇതു സഹായകരമാകും.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. മാസ്കിനെ തുടക്കംമുതൽ ട്രംപ് പുച്ഛത്തോടെയാണ് കണ്ടിരുന്നത്. കോവിഡ് പ്രതിരോധത്തിന് ദേശീയ കാന്പയിൻ നടത്താനും ബൈഡൻ ഭരണകൂടം മുന്നിട്ടിറങ്ങിയേക്കും. ലോകാരോഗ്യ സംഘടനയിൽനിന്ന് പി·ാറാനുള്ള ട്രംപിന്റെ തീരുമാനത്തിനും തിരുത്തലുണ്ട്.
പ്രധാന ഉത്തരവുകൾ ഇവ:
– ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരും
– കുടിയൊഴിപ്പിക്കലിനും വസ്തു ഏറ്റെടുക്കുന്നതിനും മാർച്ച് 31 വരെ മോറട്ടോറിയം വരും
– സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെടെ 100 ദിവസത്തേക്ക് മാസ്ക് കർശനം
– പാരീസ് കാലാവസ്ഥാ ഉടന്പടിയിൽ വീണ്ടും ചേരും
– വിദ്യാർഥികൾക്കുള്ള വായ്പകളുടെ ഭാരം കുറയ്ക്കും
– മെക്സിക്കോ അതിർത്തിയിലെ മതിൽക്കെട്ടിന് ഫണ്ടുനൽകുന്നത് നിർത്തും
– ഇസ്ലാമിക രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളെ നിയന്ത്രിക്കുന്നത് അവസാനിപ്പിക്കും
ബൈഡന്റെ നടോപടികളെ വലിയ പ്രതീക്ഷ നൽകുന്നവയെന്നാണ് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നത്. പാരീസ് ഉടന്പടിക്കാര്യത്തിലും മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരനിയന്ത്രണം നീക്കുന്നതിലും എടുക്കുന്ന തീരുമാനങ്ങൾ ലോകത്തെതന്നെ ബാധിക്കുന്നവയാണ്. വർണപരമായ അസമത്വം ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളെയും വിദഗ്ധർ സ്വാഗതം ചെയ്യുന്നു.
അതേസമയം ബൈഡന്റെ നീക്കങ്ങൾക്ക് ട്രംപ് അനുകൂലികളിൽനിന്ന് ആഭ്യന്തര വെല്ലുവിളികൾ ഉയരാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല.