കർണാടകയിലും മഹാരാഷ്ട്രയിലുമൊക്കെ കുഞ്ഞുങ്ങളെ മുകളിൽനിന്നു താഴേക്ക് എറിയുന്നതാണ് ആചാരമെങ്കിൽ അങ്ങ് സ്പെയിനിലെ ചില പ്രദേശങ്ങളിൽ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടു മറ്റൊരു വിചിത്രമായ ആചാരമുണ്ട്.
എറിയുന്നതുപോലെ അത്ര ഭീകരമല്ലെങ്കിലും സംഭവം സാഹസികത തന്നെയാണ്. ബേബി ജംപിംഗ് അഥവാ എൽ കൊളാച്ചോ എന്ന പേരിലാണ് ഇത് അവിടെ അറിയപ്പെടുന്നത്.
കുഞ്ഞുങ്ങളെ നിലത്തു നിരത്തി കിടത്തും. എന്നിട്ട് നിലത്തുകിടക്കുന്ന കുഞ്ഞുങ്ങളുടെ മുകളിലൂടെ ഒരാൾ ചാടിയോടിപ്പോകും.. ഇതാണ് ബേബി ജംപിംഗ് എന്ന ആചാരം.
തെരുവിൽ
എല്ലാ ഞായറാഴ്ചകളിലും ഇത്തരം ചടങ്ങുകൾ അരങ്ങേറാറുണ്ട്. ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ ആചാരത്തിനു വിധേയരാക്കാറുള്ളത്.
തെരുവീഥികളിൽ ഇങ്ങനെ കുഞ്ഞുങ്ങളെ നിരത്തി കിടത്തും. പരന്പരാഗത വേഷം ധരിച്ചെത്തുന്ന രണ്ടുപേർ നിലത്തു കിടത്തിയിരിക്കുന്ന കുഞ്ഞുങ്ങളുടെ മുകളിലൂടെ ചാടിപ്പോകും.
പൈശാചിക ശക്തികളുടെ ആക്രമണത്തിൽനിന്നു കുട്ടികളെ രക്ഷിക്കാനാണത്രേ ഇങ്ങനെയൊരു ആചാരം നടത്തുന്നത്. കുഞ്ഞുങ്ങളുടെ മുകളിലൂടെ ചാടുന്നവര്‍ പിശാചിനെയാണത്രേ പ്രതിനിധീകരിക്കുന്നത്. കുഞ്ഞുങ്ങളെ മറികടന്ന് പി ശാചുക്കൾ അവ പോകുന്നു എന്നതാണ് ഈ വിശ്വാസം.
നൂറ്റാണ്ടുകളായി
ഈ ആചാരം ഏതു കാലത്തു തുടങ്ങിയതാണെന്ന് ആർക്കും അറിയില്ല. എങ്കിലും 1620 കാലഘട്ടത്തിലൊക്കെ ഇത് ആചരിച്ചിരുന്നതായി പറയപ്പെടുന്നു.
നേരത്തെ ഒരു പുരോഹിതന്റെ മേല്‍നോട്ടത്തിലാണ് ഇതു നടന്നിരുന്നത്. എന്നാൽ, ഈ ആചാരത്തെ ക്രിസ്തീയ മതവിശ്വാസവുമായി ചേർത്തു ചിലർ ആചരിക്കാൻ തുടങ്ങിയതോടെ കത്തോലിക്ക സഭ ഇതു വിലക്കി.
ഇത്തരം നിരർഥകമായ ആചാരത്തിൽനിന്നു വിട്ടുനിൽക്കണമെന്നു ബനഡിക്ട് മാർപ്പാപ്പ നേരത്തെതന്നെ വിശ്വാസികൾക്കു നിർദേശം നൽകിയിരുന്നു. ഇതിനെ ക്രിസ്തീയ മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കരുതെന്നു സ്പെയിനിലെ പുരോഹിതരോടും ആവശ്യപ്പെട്ടിരുന്നു.
എങ്കിലും ചിലേടങ്ങളിലൊക്കെ ഇപ്പോഴും ഈ ആചാരം പിന്തുടരുന്ന ചില ആളുകളുണ്ട്. അവർ തങ്ങളുടെ കുഞ്ഞുങ്ങൾക്കു നൽകുന്ന മാമ്മോദീസ പോലെ പ്രധാനപ്പെട്ട ഒന്നായിട്ടാണ് ഈ ആചാരത്തെ കാണുന്നതത്രേ.
നെഞ്ചിടിപ്പോടെ
പറയുന്പോൾ നിസാരമെന്നു തോന്നാമെങ്കിലും കണ്ടുനിൽക്കുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ഈ ആചാരം. കുഞ്ഞുങ്ങളുടെ മുകളിലൂടെ പിശാചിന്റെ പ്രതിനിധികൾ ചാടിപ്പോകുന്നതു കാണുമ്പോള്‍ പലരും കണ്ണടയ്ക്കും. എങ്ങാനും ചുവടൊന്നു തെറ്റിയാൽ താഴെ കിടക്കുന്ന കുട്ടികളുടെ അവസ്ഥ എന്താവുമെന്നോർത്താണ് പലരുടെയും ആശങ്ക.
എന്നാല്‍, ഇന്നുവരെ ഈ ആചാരത്തിന്റെ ഭാഗമായി ഒരപകടവും സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നതാണ് ഏക ആശ്വാസം. സംഗതി അല്പം റിസ് കാണെങ്കിലും കുഞ്ഞുങ്ങൾക്കു മുകളിലൂടെ ചാടുന്നവർ പ്രത്യേകം പരിശീലനം നേടിയവരാണത്രേ.