മുക്കം: മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവ് ലൈംഗിക ചുവയോടെ പെരുമാറുകയും മർദിക്കുകയും ആക്രമണം നടത്തുകയും ചെയ്തതായി പരാതി. സംഭവ ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല.
കെഎംസിടി ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വനിത ഡോക്ടർമാരോടും നഴ്സുമാരോടും ലൈംഗിക ചുവയോടെ സംസാരിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ മർദിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുകയും ചെയ്ത യുവാവ് ലക്ഷകണക്കിന് രൂപയുടെ ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
കാലിന് മുറിവേറ്റത് ചികിത്സിക്കാനാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. യുവാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മൂന്നര ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഇയാൾ നശിപ്പിച്ചതായും ഡോക്ടർമാരോട് അപമര്യാദയായി പെരുമാറുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത ഇയാൾക്കെതിരെ ആശുപത്രി ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കണമെന്നും കെഎംസിടി ആശുപത്രി അധികൃതർ മുക്കം പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് കേസെടുത്ത് പോലിസ് അന്വേഷണം ആരംഭിച്ചു.